
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിന്‍റെ ആവേശത്തിനിടെ, ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക ജന്മദിനാശംസകളുമായി ഗായിക ജനായ് ഭോസ്‌ലെ. സിറാജിന്‍റെ 32-ാം ജന്മദിനത്തിലാണ് ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ കൊച്ചുമകൾ കൂടിയായ ജനായ് തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ സ്നേഹനിർഭരമായ കുറിപ്പ് പങ്കുവെച്ചത്.
ലോകകപ്പിലെ ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിച്ച സിറാജിനെ 'എന്‍റെ ഏറ്റവും പ്രിയപ്പെട്ടയാൾ' എന്നാണ് ജനായ് വിശേഷിപ്പിച്ചത്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ വന്ന കുറിപ്പ് നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ തരംഗമായത്.
നേരത്തെ, ലോകകപ്പിലെ അമേരിക്കക്കെതിരായ മത്സരത്തിൽ സിറാജ് 29 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോഴും 'കീഴടക്കാനായി തിരിച്ചെത്തി, നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു' എന്ന കുറിപ്പോടെ ജനായ് ഇൻസ്റ്റാഗ്രാം റീൽസ് പങ്കുവെച്ചിരുന്നു. മുൻപ് ജനായ് ഭോസ്‌ലെയുടെ ജന്മദിന ആഘോഷങ്ങളിൽ സിറാജ് പങ്കെടുത്ത ചിത്രങ്ങൾ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ തമ്മിലുള്ളത് സഹോദരതുല്യമായ ബന്ധമാണെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാബന്ധൻ ദിനത്തിൽ സിറാജിന് രാഖി കെട്ടിക്കൊടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജനായ് ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്.
ഹര്‍ഷിത് റാണക്ക് പരിക്കേറ്റതോടെ അവസാന നിമിഷം ലോകകപ്പ് ടീമിലെത്തിയ സിറാജ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അമേരിക്കക്കെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ മാത്രമാണ് കളിച്ചത്. മൂന്ന് വിക്കറ്റുമായി തിളങ്ങിയെങ്കിലും പിന്നീട് സിറാജിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. എങ്കിലും ലോകകപ്പ് വിജയത്തിന്‍റെ ഇരട്ടി മധുരത്തിലാണ് ഇത്തവണ സിറാജ് തന്‍റെ 32-ാം പിറന്നാള്‍ ആഘോഷിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!