
ദില്ലി: ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റിനായി പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ടീമിലെടുക്കാനുള്ള സൺറൈസേഴ്സ് ലീഡ്‌സിന്‍റെ തീരുമാനം ഇന്ത്യയിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫ്രാഞ്ചൈസി ഉടമ കാവ്യ മാരനെതിരെയും സൺ ഗ്രൂപ്പിനെതിരെയും കടുത്ത ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്. 2.35 കോടി രൂപയ്ക്കാണ് താരലേലത്തില്‍ അബ്രാറിനെ ടീം സ്വന്തമാക്കിയത്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഒരു ടീം പാക് താരത്തെ സ്വന്തമാക്കിയതിനപ്പുറം, അബ്രാർ അഹമ്മദ് എന്ന താരത്തോടുള്ള ചില മുൻകാല വിയോജിപ്പുകളാണ് പ്രതിഷേധം കനക്കാൻ കാരണം.
ഇന്ത്യക്കെതിരെ നടന്ന ഭീകരാക്രമണങ്ങളുടെ മുറിവ് ഉണങ്ങും മുൻപ് ഒരു പാക് താരത്തെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം സ്വന്തമാക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് ആരാധകർ പറയുന്നത്. 2019ലെ ബലാകോട്ട് ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബന്ദറിനിടെ പാക് സൈന്യത്തിന്‍റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പരിഹസിക്കുന്ന രീതിയിലുള്ള 'ടീ സെലിബ്രേഷൻ' മുൻപ് അബ്രാർ നടത്തിയിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്‍റെ പിടിയിലായപ്പോൾ അഭിനന്ദൻ നടത്തിയ 'The tea is fantastic' എന്ന പ്രസ്താവനയെ പരിഹസിക്കാനാണ് അബ്രാർ ഇത് ചെയ്തതെന്നാണ് ആരോപണം. ഇതാണ് ആരാധകരെ ഏറ്റവും കൂടുതൽ ചൊടിപ്പിച്ചത്. ഇന്ത്യക്കെതിരെ വിക്കറ്റ് നേടിയ ശേഷം ചായ കുടിക്കുന്ന രീതിയിലുള്ള അബ്രാറിന്‍റെ ആംഗ്യം മുമ്പും വിവാദമായിട്ടുണ്ട്. വിക്കറ്റെടുത്തശേഷം ബാറ്ററോട് തലയാട്ടി ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോകാന്‍ ആവശ്യപ്പെടുന്ന അബ്രാറിന്‍റെ ശൈലിയും വിമര്‍ശിക്കപ്പെട്ടിരുന്നു.
ഇന്ത്യൻ പ്രതിരോധ സേനയെയും ഇന്ത്യൻ താരങ്ങളെയും പരിഹസിച്ചുകൊണ്ടുള്ള അബ്രാറിന്‍റെ പഴയ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അബ്രാറിനെ ടീമിലെടുത്തതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് സൺറൈസേഴ്സ് ഹൈദരാബാദിന്‍റെയും സൺറൈസേഴ്സ് ലീഡ്‌സിന്‍റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അൺഫോളോ ചെയ്യുന്നത്. #BoycottSRH, #BoycottSunrisers തുടങ്ങിയ ഹാഷ്‌ടാഗുകൾ എക്സിൽ ട്രെൻഡിംഗാണ്. കാവ്യ മാരൻ രാജ്യദ്രോഹപരമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ചില ആരാധകരുടെ രൂക്ഷമായ വിമർശനം.
വിവാദം കത്തിനിൽക്കുന്നതിനിടെ സൺറൈസേഴ്സ് ലീഡ്‌സിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പൂട്ടിയിരുന്നു. നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് എക്സ് വ്യക്തമാക്കുന്നുണ്ടെങ്കിലും, സൈബർ ആക്രമണമാണോ അതോ മറ്റ് പരാതികളാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ഉടമസ്ഥരായ സൺ ഗ്രൂപ്പ് ഈ നീക്കത്തിലൂടെ തെലുങ്ക് ജനതയുടെയും ഇന്ത്യൻ ആരാധകരുടെയും അന്തസ്സ് കെടുത്തിയെന്ന ആരോപണവും ശക്തമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!