
ലക്നൗ: ഇന്ത്യൻ താരവും റെയിൽവേസ് താരവുമായ കരൺ ശർമ്മ പ്രൊഫഷണൽ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. യുപി ടി20 ലീഗിൽ കാൺപൂർ സൂപ്പർ സ്റ്റാർസിന് വേണ്ടി ഓഗസ്റ്റ് 25 ചൊവ്വാഴ്ച ലക്നൗവിലെ ഏക്നാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മീററ്റ് മാവെറിക്സിനെതിരെ നടക്കുന്ന മത്സരമായിരിക്കും തന്‍റെ അവസാന മത്സരമെന്ന് കരണ്‍ ശര്‍മ പറഞ്ഞു. സജീവ ക്രിക്കറ്റിൽ നിന്ന് പിന്മാറിയശേഷം പരിശീലകനായോ ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്തങ്ങളിലോ സജീവമാകാനാണ് തീരുമാനമെന്നും കരണ്‍ ശര്‍മ വ്യക്തമാക്കി.
കരിയറിലുടനീളം പിന്തുണ നൽകിയ കുടുംബാംഗങ്ങൾക്കും ബിസിസിഐ, റെയിൽവേസ്, യുപിസിഎ, ആന്ധ്ര, വിദർഭ ക്രിക്കറ്റ് അസോസിയേഷൻ എന്നിവർക്കും ആരാധകർക്കും താരം നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ അപൂർ റെക്കോർഡോടെയാണ് കരൺ ശർമ്മ ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നത്. മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം തുടർച്ചയായി മൂന്ന് സീസണുകളിൽ ഐപിഎൽ കിരീടം നേടിയ ചരിത്രത്തിലെ ഏക താരമാണ് കരണ്‍ ശര്‍മ.
സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾക്കായി കളിച്ച കരൺ ശര്‍മ ഐപിഎല്ലിൽ കളിച്ച 90 മത്സരങ്ങളിൽ നിന്നായി 26.68 ശരാശരിയിലും 8.38 ഇക്കോണമി റേറ്റിലും 83 വിക്കറ്റുകൾ സ്വന്തമാക്.
ഇന്ത്യക്കായി നാല് മത്സരങ്ങളിലാണ് കരൺ ശർമ്മ ആകെ കളിച്ചത്. ഒരു ടെസ്റ്റ്, രണ്ട് ഏകദിനം, ഒരു ടി20 എന്നിവയിലായി ആകെ അഞ്ച് വിക്കറ്റുകൾ നേടി. 2014-ൽ ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിൽ അപ്രതീക്ഷിതമായി അരങ്ങേറ്റം കുറിച്ച താരം ആ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധ നേടിയിരുന്നു. അതേവർഷം തന്നെ പരിമിത ഓവർ മത്സരങ്ങളിലും കളിച്ചെങ്കിലും അന്താരാഷ്ട്ര തലത്തിൽ സ്ഥിരസാന്നിധ്യമാകാൻ കരണ്‍ ശര്‍മക്ക് സാധിച്ചില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും വിശ്വസ്തനായ മാച്ച് വിന്നർമാരിൽ ഒരാളായാണ് കരൺ ശർമ്മ കരിയർ അവസാനിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!