Latest Videos

കോണ്‍വേക്ക് സെഞ്ചുറി, വില്യംസണ് സെഞ്ചുറി നഷ്‌ടം; ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍

By Web TeamFirst Published Jan 11, 2023, 7:09 PM IST
Highlights

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് ഇന്നിംഗ്‌സിലെ അഞ്ചാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു

കറാച്ചി: ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ സെഞ്ചുറിക്കും നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ മികച്ച അര്‍ധ സെഞ്ചുറിക്കും ഇടയിലും പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍ മാത്രം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ 49.5 ഓവറില്‍ 261 റണ്‍സില്‍ പുറത്തായി. കോണ്‍വേ 92 പന്തില്‍ 101 ഉം വില്യംസണ്‍ 100 പന്തില്‍ 85 ഉം റണ്‍സ് നേടി. എട്ടാമനായി ക്രീസിലെത്തി 40 പന്തില്‍ 37 റണ്‍സെടുത്ത മിച്ചല്‍ സാന്‍റ്‌നറാണ് കിവികളെ 250 കടത്തിയത്. 

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് ഇന്നിംഗ്‌സിലെ അഞ്ചാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. നസീം ഷായുടെ പന്തില്‍ ഒരു റണ്‍ നേടിയ ഫിന്‍ അലനെ മുഹമ്മദ് നവാസ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 181 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ദേവോണ്‍ കോണ്‍വേയും കെയ്‌ന്‍ വില്യംസണും ന്യൂസിലന്‍ഡിനെ കരകയറ്റി. ഇരുവരുടേയും കൂട്ടുകെട്ട് മുപ്പതാം ഓവറിലെ അവസാന പന്ത് വരെ നീണ്ടു. സെഞ്ചുറി നേടിയ കോണ്‍വേയെ(92 പന്തില്‍ 101) നസീം ഷാ ബൗള്‍ഡാക്കുകയായിരുന്നു. 

പാക് തിരിച്ചുവരവ്, പൊരുതി സാന്‍റ്‌നര്‍

ഡാരില്‍ മിച്ചല്‍(7 പന്തില്‍ 5), ടോം ലാഥം(3 പന്തില്‍ 2) എന്നിവര്‍ പിന്നാലെ അതിവേഗം പുറത്തായതോടെ ന്യൂസിലന്‍ഡ് 183-2 എന്ന നിലയില്‍ നിന്ന് 198-4 എന്ന അവസ്ഥയിലേക്കായി. പിന്നാലെ ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ സെഞ്ചുറിയിലെത്താതെ പുറത്താവുകയും ചെയ്‌തു. അര്‍ധ സെഞ്ചുറിയുമായി കുതിക്കുകയായിരുന്ന നായകന്‍ കെയ്‌ന്‍ വില്യംസണെ 100 പന്തില്‍ 85 റണ്‍സെടുത്ത് നില്‍ക്കേ നവാസ് ബൗള്‍ഡാക്കി. ഗ്ലെന്‍ ഫിലിപ്‌സ്(8 പന്തില്‍ 3), മൈക്കല്‍ ബ്രേസ്‌വെല്‍(14 പന്തില്‍ 8) എന്നിവരും അതിവേഗം മടങ്ങിയതോടെ ന്യൂസിലന്‍ഡ് പ്രതിരോധത്തിലായി. വാലറ്റത്ത് മിച്ചല്‍ സാന്‍റ്‌നര്‍ നടത്തിയ പോരാട്ടമാണ് കിവികളെ 250 കടത്തിയത്. സാന്‍റ്‌നര്‍ 40 പന്തില്‍ 37 റണ്‍സെടുത്ത് റണ്ണൗട്ടായതോടെ ന്യൂസിലന്‍ഡ് ഇന്നിംഗ്‌സ് അവസാനിച്ചു. 

ഇഷ്‌ സോധി(22 പന്തില്‍ 7), ടിം സൗത്തി(4 പന്തില്‍ 0), ലോക്കീ ഫെര്‍ഗ്യൂസണ്‍(5 പന്തില്‍ 0*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. പാകിസ്ഥാനായി മുഹമ്മദ് നവാസ് നാലും നസീം ഷാ മൂന്നും ഹാരിസ് റൗഫും ഉസാമ മിറും ഓരോ വിക്കറ്റും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. 

രഞ്ജി ട്രോഫി; സര്‍വീസസിനെ എറിഞ്ഞ് പ്രതിരോധത്തിലാക്കി കേരളം

click me!