ശ്രിലങ്കന്‍ ക്രിക്കറ്റ് ടീമെത്തി; പ്രസിഡന്‍ഷ്യല്‍ ലെവല്‍ സുരക്ഷയൊരുക്കി പാകിസ്ഥാന്‍

By Web TeamFirst Published Sep 25, 2019, 12:21 PM IST
Highlights

പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്‍റെ ബസിനുനേരെ 2009 മാര്‍ച്ചില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് താരങ്ങളുടെ പിന്‍മാറ്റത്തിന് കാരണം. 

കറാച്ചി: ഏകദിന- ടി-20 പര്യടനത്തിനെത്തിയ ശ്രിലങ്കന്‍ ക്രിക്കറ്റ് ടീമിന് പ്രസിഡന്‍ഷ്യല്‍ ലെവല്‍ സുരക്ഷയൊരുക്കി പാകിസ്ഥാന്‍. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് കറാച്ചിയിലെത്തിയ ടീമിന് വന്‍ സുരക്ഷയാണ് പാകിസ്ഥാന്‍ ഒരുക്കിയത്. സെപ്റ്റംബര്‍ 27, 29  ഒക്ടോബര്‍ 2 എന്നീ ദിവസങ്ങളില്‍ നടക്കുന്ന ഏകദിന പരമ്പരയക്കും തുടര്‍ന്ന് നടക്കുന്ന  ടി-20 പരമ്പരയ്ക്കുമാണ് ലങ്കന്‍ടീം എത്തിയത്. 

സുരക്ഷാ ആശങ്കകള്‍ക്കിടെയാണ് ശ്രലങ്കന്‍ ടീം എത്തിയത്. ലസിത് മലിംഗ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ സുരക്ഷാ കാരണങ്ങള്‍ വ്യക്തമാക്കി പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ പര്യടനത്തില്‍ ആശങ്കകളില്ലെന്ന് ലങ്കന്‍ ടി20 നായകന്‍ ദാസുന്‍ ശനകയും സുരക്ഷാസംവിധാനങ്ങളില്‍ സംതൃപ്തനാണെന്ന് ഏകദിന നായകന്‍ ലഹിരു തിരുമന്നെയും വ്യക്തമാക്കിയിരുന്നു. 

ലസിത് മലിംഗയെക്കൂടാതെ ടെസ്റ്റ് നായകന്‍ ദിമുത് കരുണരത്‌നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പേരേര, ധനഞ്‌ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്‌ജയ, സുരംഗ ലക്‌മല്‍, ദിനേശ് ചണ്ഡിമല്‍ എന്നിവരും നേരത്തെ പിന്‍മാറിയിരുന്നു. 

പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്‍റെ ബസിനുനേരെ 2009 മാര്‍ച്ചില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് താരങ്ങളുടെ പിന്‍മാറ്റത്തിന് കാരണം. ടീം ബസിന് നേരെ ഭീകരര്‍ നിറയൊഴിച്ചപ്പോള്‍ തലനാരിഴയ്‌ക്കായിരുന്നു താരങ്ങള്‍ രക്ഷപ്പെട്ടത്. അതിന് ശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രമുഖ ടീമുകളൊന്നും പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയിട്ടില്ല. 

click me!