Asianet News MalayalamAsianet News Malayalam

ഇറ്റലിയോട് പലിശ സഹിതം കണക്കുവീട്ടി ഇംഗ്ലണ്ട്; റൂണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഹാരി കെയ്ൻ

56-ാം മിനുറ്റില്‍ മറ്റിയോ റെതെയ്‌ ആയിരുന്നു ഇറ്റലിക്കായി ഏക ഗോള്‍ മടക്കിയത്

EURO 2024 Qualifiers England beat Italy and Harry Kane breaks Wayne Rooney record for alltime English goal scorer jje
Author
First Published Mar 24, 2023, 8:57 AM IST

നാപ്പൊളി: യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിൽ ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട്. 2-1നാണ് ഇംഗ്ലണ്ടിന്‍റെ ജയം. 13, 44 മിനിറ്റുകളിലായിരുന്നു ഇംഗ്ലണ്ടിന്‍റെ ഗോളുകൾ. 13-ാം മിനുറ്റില്‍ ഡെക്ലന്‍ റൈസ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 44-ാം മിനിറ്റിലെ പെനാൽറ്റി ഗോളോക്കിയതിലൂടെ ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായി ഹാരി കെയ്ൻ മാറി. തന്‍റെ ഗോൾ സമ്പാദ്യം 54 ആക്കിയ ഹാരി കെയ്ൻ ഇതിഹാസ താരം വെയ്ൻ റൂണിയെ മറികടന്നു. അതേസമയം 80-ാം മിനുറ്റില്‍ ലൂക്ക് ഷോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 56-ാം മിനുറ്റില്‍ മറ്റിയോ റെതെയ്‌ ആയിരുന്നു ഇറ്റലിക്കായി ഏക ഗോള്‍ മടക്കിയത്. 

ജയത്തോടെ കഴിഞ്ഞ യൂറോ കപ്പ് ഫൈനലിലെ തോൽവിക്ക് കണക്കുതീർക്കാൻ ഇംഗ്ലണ്ടായി. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തോൽപിച്ചാണ് ഇറ്റലി യൂറോ കപ്പിന്‍റെ അവസാന പതിപ്പിൽ ചാമ്പ്യൻമാരായത്. മത്സരം 1-1ന് സമനിലയിലായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു ഇറ്റലിയുടെ കിരീടധാരണം. ഇക്കുറി യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ തന്നെ കഴിഞ്ഞ ഫൈനലിസ്റ്റുകള്‍ മുഖാമുഖം വന്നപ്പോള്‍ പരിക്കേറ്റ സിറോ ഇമ്മോബൈൽ, ഫെഡറിക്കോ കിയേസ എന്നിവരുടെ അഭാവം റോബ‍ട്ടോ മാൻചീനിയുടെ ഇറ്റലിക്ക് തിരിച്ചടിയായി. 

ഇന്നലത്തെ മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത നാല് ഗോളിന് ലീച്ചെൻസ്റ്റൈനെ തോല്‍പിച്ചു. എട്ടാം മിനുറ്റില്‍ ജോ കാന്‍സലോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചപ്പോള്‍ 47-ാം മിനുറ്റില്‍ ബെര്‍ണാഡോ സില്‍വ ലീഡ് രണ്ടായി ഉയര്‍ത്തി. ഇതിന് ശേഷമായിരുന്നു സിആര്‍7ന്‍റെ ഇരട്ട ഗോള്‍. 51-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ അനായാസം വല ചലിപ്പിച്ച ഇതിഹാസ താരം 63-ാം മിനുറ്റിലെ ബുള്ളറ്റ് ഫ്രീകിക്കിലൂടെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ചു. ഇതോടെ ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ നേട്ടം 120 ആയി. പുരുഷ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍(197) എന്ന റെക്കോര്‍ഡ് ഇടുകയും ചെയ്തു സൂപ്പര്‍ താരം. 

ഫ്രീകിക്ക് മായാജാലം, ഇരട്ട ഗോൾ; റെക്കോർഡുകളുടെ അമരത്ത് റോണോ! പോർച്ചുഗീസ് പടയോട്ടം

Follow Us:
Download App:
  • android
  • ios