മാരത്തണ്‍ ചര്‍ച്ച അവസാനിച്ചു, ഐസിസിക്ക് വഴങ്ങി പാകിസ്ഥാന്‍; ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിച്ചേക്കും

Published : Feb 09, 2026, 09:33 AM ISTUpdated : Feb 09, 2026, 09:37 AM IST
India vs Pakistan

Synopsis

2026 ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം ബഹിഷ്‌കരിക്കുമെന്ന ഭീഷണിക്ക് പിന്നാലെ ഐസിസി പ്രതിനിധികൾ പിസിബിയുമായി ചർച്ച നടത്തി. 

ലാഹോര്‍: 2026 ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ പരിഹാരമായേക്കും. ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാടില്‍ വ്യക്തത വരുത്താന്‍ ഐസിസി പ്രതിനിധികള്‍ ലാഹോറിലെത്തി പിസിബി അധികൃതരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. ഫെബ്രുവരി 15ന് നടക്കേണ്ട മഹാപോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ഈ തീരുമാനത്തിലേക്കാണ്. ഒരു ഒത്തുതീര്‍പ്പ് ഉടന്‍ ഉണ്ടായേക്കുമെന്നും ഫെബ്രുവരി 15ലെ മത്സരം ഉപേക്ഷിക്കപ്പെടാന്‍ സാധ്യതയില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്വന്റി 20 ലോകകപ്പിലെ പങ്കാളിത്ത ഫീസ് ബിസിബിക്കും നല്‍കണമെന്നും പിസിബി, ഐസിസിയോട് ആവശ്യപ്പെട്ടു. ഭാവിയില്‍ ഒരു ഐസിസി ടൂര്‍ണമെന്റ് ബംഗ്ലാദേശിനും അനുവദിക്കണമെന്നും ആവശ്യങ്ങളിലുണ്ട്. പിസിബി ചെയര്‍മാന്‍ ഇന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കാണും. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഇന്ന് തീരുമാനമാക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ചര്‍ച്ച അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നു. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി, ഐസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖ്വാജ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമിനുല്‍ ഇസ്ലാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നേരത്തെ, മൂന്ന് ആവശ്യങ്ങള്‍ പിസിബി ഉന്നയിച്ചിരുന്നു. ഐസിസി വരുമാന വിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്നാണ് പാകിസ്ഥാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവില്‍ ഐസിസിയുടെ വാര്‍ഷിക വരുമാനത്തില്‍ നിന്ന് 34.5 ദശലക്ഷം ഡോളറാണ് പാകിസ്ഥാന് ലഭിക്കുന്നത് (ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്ത്). ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ പുനരാരംഭിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ-പാക് ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുകയാണ്.

ഇത് പുനരാരംഭിക്കാന്‍ ഐസിസി ഇടപെടണമെന്നതാണ് രണ്ടാമത്തെ ആവശ്യം. എന്നാല്‍ ഇതില്‍ ബിസിസിഐയേക്കാള്‍ ഇന്ത്യന്‍ സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നതിനാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാന്‍ പ്രയാസമാണ്. ടൂര്‍ണമെന്റുകളുടെ നടത്തിപ്പിലും ഭരണപരമായ തീരുമാനങ്ങളിലും ഐസിസിയില്‍ കൂടുതല്‍ പ്രാധാന്യം വേണണെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് മത്സരം അനിശ്ചിതത്വത്തിലാകുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഐസിസിയുടെ പ്രധാന ലക്ഷ്യം.

അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് പാകിസ്ഥാന്‍ സര്‍ക്കാരുമായി പിസിബി ആലോചന നടത്തും. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്ന് ഫെബ്രുവരി 2നാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് മാറ്റി സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ നീക്കം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റും ചര്‍ച്ചയില്‍ പങ്കെടുത്തത് വിഷയത്തില്‍ ഇരു ബോര്‍ഡുകളും കൈകോര്‍ക്കുന്നതിന്റെ സൂചനയായി കരുതപ്പെടുന്നു.

ക്രിക്കറ്റ് ലോകത്ത് സാമ്പത്തികമായും കാഴ്ചക്കാരുടെ എണ്ണത്തിലും ഇന്ത്യ-പാക് മത്സരത്തിന് പകരമായി മറ്റൊന്നില്ല. അതുകൊണ്ടുതന്നെയാണ് ഐസിസി മത്സരം നടത്താന്‍ ഏതറ്റം വരേയും പോകുന്നത്. പാകിസ്ഥാന്‍ പിന്മാറിയാല്‍ സംപ്രേക്ഷണാവകാശം വാങ്ങിയ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകുകയും അത് ഐസിസിയുടെ മൊത്തം വരുമാനത്തെ ബാധിക്കുകയും ചെയ്യും.

ഇത് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങള്‍ക്കും ലഭിക്കുന്ന വിഹിതത്തെയും ദോഷകരമായി ബാധിക്കും. ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യങ്ങള്‍ എന്നിവയിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനം ഈ മത്സരത്തെ ആശ്രയിച്ചിരിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തുടയിൽ പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ടിൽവെച്ച് പാന്‍റ് അഴിച്ച ഹസരംഗക്കെതിരെ പാക് കമന്‍റേറ്ററുടെ അശ്ലീല പരാമർശം, വിമര്‍ശനം
ടി20 ലോകകപ്പ്: തീക്ഷ്ണയ്ക്കും ഹസരങ്കയ്ക്കും മൂന്ന് വിക്കറ്റ് വീതം; ഐറിഷ് പടയെ വീഴ്ത്തി ശ്രീലങ്ക തുടങ്ങി