
കറാച്ചി: ഓസ്ട്രേലിയക്കെതിരായ കറാച്ചി ക്രിക്കറ്റ് ടെസ്റ്റില്‍(Pakistan vs Australia, 2nd Test) പാക്കിസ്ഥാന് ആവേശ സമനില. 506 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ പാക്കിസ്ഥാന്‍ അവസാന ദിവസം ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ സെഞ്ചുറി കരുത്തില്‍ അപ്രതീക്ഷിത വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും ഇരട്ട സെഞ്ചുറിക്ക് നാലു റണ്‍സകലെ ബാബര്‍(196) പുറത്തായതോടെ സമനില കൊണ്ട് തൃപ്തിപ്പെട്ടു. 192-2 എന്ന സ്കോറില്‍ അവസാന ദിവസം ക്രീസിലെത്തിയ 443-7 എന്ന സ്കോറിലാണ് കളി അവസാനിപ്പിച്ചത്.
ബാബര്‍ പുറത്തായശേഷം തോല്‍വി മുന്നില്‍ക്കണ്ട പാക്കിസ്ഥാനെ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍റെ(104*) പോരാട്ടമാണ് സമനില സമ്മാനിച്ചത്. നേരത്തെ ഓപ്പണര്‍ അബ്ദുള്ള ഷഫീഖ് പാക്കിസ്ഥാനുവേണ്ടി 96 റണ്‍സെടുത്തിരുന്നു. ഇവര്‍ മൂന്നുപേരുമൊഴികെ മറ്റാരും പാക് നിരയില്‍ രണ്ടക്കം കടന്നില്ല. സ്കോര്‍ ഓസ്ട്രേലിയ 556-9, 98-2, പാക്കിസ്ഥാന്‍ 148, 443-7.
ഐസിസി ടെസ്റ്റ് റാങ്കിംഗ്: ബുമ്രക്ക് വന്‍ കുതിപ്പ്, കോലിക്ക് തിരിച്ചടി
192-2 എന്ന സ്കോറില്‍ അവസാന ദിവസം ക്രീസിലിറങ്ങിയ പാക്കിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ബാറ്റിംഗ് കരുത്തിലാണ് കുതിച്ചത്. 196 റണ്‍സെടുത്ത ബാബര്‍ ഇരട്ട സെഞ്ചുറിക്ക് നാലു റണ്‍സകലെ പുറത്താവുമ്പോള്‍ പാക്കിസ്ഥാന്‍ സ്കോര്‍ 392 റണ്‍സിലെത്തിയിരുന്നു. ബാബറും-റിസ്‌വാനും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. 115 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.
ബാബറിനെ ലാബുഷെയ്നിന്‍റെ കൈകളിലെത്തിച്ച് നഥാന്‍ ലിയോണ്‍ ആണ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 21 ബൗണ്ടറിയും ഒരു സിക്സും പറത്തിയ ബാബര്‍ 425 പന്തിലാണ് 196 റണ്‍സടിച്ചത്. ബാബറിന് പിന്നാലെ ഫഹീം അഷ്റഫും(0), സാജിദ് ഖാനും(9) പെട്ടെന്ന് മടങ്ങിയതോടെ പാക്കിസ്ഥാന്‍ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ റിസ്‌വാന്‍റെ ചെറുത്തുനില്‍പ്പ് പാക്കിസ്ഥാനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു.
രാജ്യമല്ല ഐപിഎല്‍ തന്നെ വലുത്, ബംഗ്ലാദേശിനെതിരെ ടെസ്റ്റ് കളിക്കാന്‍ റബാഡയും സംഘവുമില്ല
കളി തീരാന്‍ മൂന്നോവര്‍ ബാക്കിയിരിക്കെ റിസ്‌വാന്‍ നല്‍കിയ ക്യാച്ച് ഓസീസ് താരം ഉസ്മാന്‍ ഖവാജ നിലത്തിട്ടത് ഓസീസിന് തിരിച്ചടിയായി. 173 പന്തില്‍ സെഞ്ചുറിയിലെത്തിയ റിസ്‌വാന്‍ പത്ത് ഫോറും ഒരു സിക്സും പറത്തി. കളി തീരാന്‍ ഒരോവര്‍ ബാക്കിയിരിക്കെയാണ് റിസ്‌വാന്‍ സെഞ്ചുറിയിലെത്തിയത്. നൗവ്‌മാന്‍ അലിക്കൊപ്പം(0) 11 ഓവര്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന റിസ്‌വാന്‍റെ പോരാട്ടമാണ് പാക്കിസ്ഥാന് സമനില സമ്മാനിച്ചത്.
ഓസീസിനായി നഥാന്‍ ലിയോണ്‍ നാലും പാറ്റ് കമിന്‍സ് രണ്ടും വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ ടെസ്റ്റും സമനിലയായതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയില്‍ അവസാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!