
മുംബൈ: പേസര്‍ മുഹമ്മദ് ഷമിക്ക് പിന്നാലെ ഇന്ത്യൻ സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കുമെതിരെ വിമര്‍ശനവുമായി ഇന്ത്യൻ താരം അജിങ്ക്യാ രഹാനെയും.ബിസിസിഐ സെലക്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിക്കെതിരെ ആണ് രഹാനെ രംഗത്തെത്തിയത്. നിലവില്‍ 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ളവരും വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞവരുമായ താരങ്ങളെയാണ് ആഭ്യന്തര സെലക്ടറാവാന്‍ പരിഗണിക്കുന്നത്. എന്നാല്‍ ഇതൊക്കെ കാലഹരണപ്പെട്ട മാതൃകയാണെന്നും സെലക്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിയ ബിസിസിഐ പുനരാലോചിക്കണമെന്നും രഹാനെ ചേതേശ്വര്‍ പൂജാരയുടെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
കളിക്കാര്‍ സെലക്ടര്‍മാരെ ഭയക്കുന്ന സാഹചര്യമുണ്ടാകരുത്.പ്രത്യേകിച്ച് ആഭ്യന്തര സെലക്ടര്‍മാരെ. വിരമിച്ച് ആറോ ഏഴോ എട്ടോ വര്‍ഷം കഴിഞ്ഞ താരങ്ങളെ സെലക്ടർമാരാക്കുന്നതിന് പകരം ക്രിക്കറ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച താരങ്ങളെയാകണം സെലക്ടര്‍മാരായി തെരഞ്ഞെടുക്കേണ്ടത്. കാരണം, പുതിയ കാലത്ത് ക്രിക്കറ്റ് എങ്ങനെ മാറുന്നുവെന്ന് അവര്‍ക്കാണ് നന്നായി അറിയുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചവര്‍ക്ക് കളിയുടെ വേഗവും ഗതിയും മാറുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവണമെന്നില്ല.
20-30 വര്‍ഷം മുമ്പ് ക്രിക്കറ്റ് കളിച്ചിരുന്നതിനനുസരിച്ച് തീരുമാനമമെടുക്കുന്നവരാകരുത് സെലക്ടര്‍മാര്‍.പ്രത്യേകിച്ച് ടി20, ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ കാലത്ത് പുതിയ കാലത്തെ ക്രിക്കറ്റിനെക്കുറിച്ച് അറിയാവുന്നവരാവണം സെലക്ടര്‍മാര്‍. അതുപോലെ കളിക്കാര്‍ സെലക്ടര്‍മാരെ ഭയക്കാതെ സ്വതന്ത്രമായി കളിക്കാനാവുന്ന സാഹചര്യമുണ്ടാകണമെന്നം രഹാനെ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്നവരെയാകണം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കേണ്ടതെന്ന് പൂജാര പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ പരമ്പരയെടുത്താൽ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരങ്ങള്‍ക്ക് ടെസ്റ്റ് ടിമീൽ ഇടം കിട്ടിയിരുന്നു. അത് തുടരണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള സെലക്ഷന്‍ പൂര്‍ണമായും രഞ്ജി ട്രോഫി പോലെയുള്ള ആഭ്യന്തര ടൂര്‍ണമെന്‍റുകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നും പൂജാര പഞ്ഞു.
ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസീസ് ഏകദിന മത്സര പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഇന്നലെ രംഗത്തെത്തിയിരുന്നു. ഫിറ്റ്നെസിൻ്റെ പേരിൽ തന്നെ ഒഴിവാക്കിയ സെലക്ടർമാരോട് പിന്നെ താനെങ്ങനെ രഞ്ജി ട്രോഫിയിൽ പശ്ചിമ ബംഗാളിന് വേണ്ടി കളിക്കാനെത്തിയെന്ന് ചോദിച്ചുകൊണ്ടാണ് ഷമി രംഗത്തെത്തിയത്. തന്‍റെ ഫിറ്റ്നെസിനെക്കുറിച്ച് സെലക്ടര്‍മാർ ആരുും അന്വേഷിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇക്കാര്യം സെലക്ടര്‍മാരെ അങ്ങോട്ട് അറിയിക്കാനായി പോകുന്നില്ലെന്നും ഷമി പറഞ്ഞരുന്നു.