ശരിക്കും പീഡനത്തിന് തുല്യമായിരുന്നു; വിലക്കിനെ കുറിച്ച് പൃഥ്വി ഷാ

By Web TeamFirst Published Apr 9, 2020, 4:05 PM IST
Highlights

ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ. നിരോധിത മരുന്നിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ട് മാസം താരത്തിന് വിലക്കുണ്ടായിരുന്നു.

മുംബൈ: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ. നിരോധിത മരുന്നിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ട് മാസം താരത്തിന് വിലക്കുണ്ടായിരുന്നു. അബദ്ധത്തില്‍ താന്‍ കഴിച്ച കഫ് സിറപ്പാണ് വിനയായതെന്നും വളരെ ശ്രദ്ധിച്ചു മാത്രമേ എന്ത് മരുന്നും കഴിക്കാവൂയെന്നും അന്ന് പൃഥ്വി ഷാ വിശദീകരണം നല്‍കിയിരുന്നു.

ഇപ്പോഴിതാ ആ സമയത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വി ഷാ. അദ്ദേഹം തുടര്‍ന്നു... ''ഒരു മിനിറ്റ് കൊണ്ട് വരുത്തിയ ചെറിയൊരു പിഴവാണ് അന്നു തന്റെ വിലക്കിനു വഴിവച്ചത്. കഫ് സിറപ്പാണ് അന്നു എന്നെ ചതിച്ചത്. നിരോധിക്കപ്പെട്ട മരുന്ന് ഉള്‍പ്പെട്ടിട്ടുണ്ടെന്നു അറിയാതെയാണ് അന്നു താന്‍ കഫ് സിറപ്പ് ഉപയോഗിച്ചത്. ആ സംഭവത്തില്‍ നിന്നും ഒരു പാഠം പഠിച്ചു. ഇനിയൊരിക്കലും അതുപോലൊരു പിഴവ് ആവര്‍ത്തിക്കില്ല. 

വിലക്ക് കാരണം ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന കാലത്തെക്കുറിച്ച് തനിക്കു ചിന്തിക്കാന്‍ പോലുമാവുന്നില്ല. ശരിക്കും പീഡനത്തിനു തുല്യമായിരുന്നു ആ എട്ടു മാസം. അതുപോലെയുള്ള പിഴവുകളുടെ പേരില്‍ ഇനിയാര്‍ക്കും ഇതു പോലെ സംഭവിക്കാന്‍ പാടില്ല.'' താരം പറഞ്ഞുനിര്‍ത്തി.

അണ്ടര്‍ 19 ലോകകപ്പ് വിജയവും അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ച്വറിയും കരിയറിലെ വലിയ മുഹൂര്‍ത്തങ്ങളായിരുന്നു. വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊണ്ട് പ്രകടനം മെച്ചപ്പെടുത്താനാണ് ശ്രമമെന്നും താരം കൂട്ടിച്ചേര്‍ത്തു.

click me!