സച്ചിനും ദ്രാവിഡും പട്ടികയിലില്ല; അപൂര്‍വ നേട്ടത്തിനരികെ ചേതേശ്വര്‍ പൂജാര

By Web TeamFirst Published Mar 4, 2021, 10:18 AM IST
Highlights

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അത്ര മികച്ച ഫോമിലൊന്നുമല്ല പൂജാര. ചെന്നൈയില്‍ ആദ്യ ടെസ്റ്റില്‍ നേടിയ 73 റണ്‍സൊഴിച്ചാല്‍ വലിയ സ്‌കോറൊന്നും പൂജാരയുടെ ബാറ്റില്‍ നിന്ന് പിറന്നിട്ടില്ല.

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുമ്പോള്‍ നിര്‍ണായകമായിരുന്നു ചേതേശ്വര്‍ പൂജാരയുടെ സംഭാവനകള്‍. സെഞ്ചുറിയൊന്നും നേടിയില്ലെങ്കില്‍ താരത്തിന്റെ ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് പരമ്പര സമ്മാനിക്കുന്നതില്‍ വലിയ സ്വാധീനമുണ്ടാക്കി. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അത്ര മികച്ച ഫോമിലൊന്നുമല്ല പൂജാര. ചെന്നൈയില്‍ ആദ്യ ടെസ്റ്റില്‍ നേടിയ 73 റണ്‍സൊഴിച്ചാല്‍ വലിയ സ്‌കോറൊന്നും പൂജാരയുടെ ബാറ്റില്‍ നിന്ന് പിറന്നിട്ടില്ല. പിന്നീട് 15, 21, 7, 0 എന്നിങ്ങനെയായിരുന്നു പൂജരായുടെ സ്‌കോറുകള്‍.

ഇന്ന് ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് കളിക്കുന്ന പൂജാര ഒരു നേട്ടത്തിന്റെ അരികിലാണ്. മൊട്ടേറയില്‍ ഇന്ന് ആരംഭിച്ച നാലാം ടെസ്റ്റില്‍ 45 റണ്‍സെടുത്താല്‍ ഇംഗ്ലണ്ടിനെതിരെ ഹോംഗ്രൗണ്ടില്‍ 1000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം പുജാരയ്ക്ക് സ്വന്തമാവും. ഗുണ്ടപ്പ വിശ്വനാഥ്, സുനില്‍ ഗവസ്‌കര്‍, നിലവിലെ നായകന്‍ വിരാട് കോലി എന്നിവരാണ് ഇംഗ്ലണ്ടിനെതിരെ 1000 റണ്‍സ് പിന്നിട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. 

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരൊന്നും ഈ പട്ടികയില്‍ ഇല്ലെന്നുള്ളതാണ് പ്രത്യേകത. 22 ടെസ്റ്റില്‍ നിന്ന് 1331 ഗവാസ്‌ക്കറാണ് പട്ടികിയില്‍ ഒന്നാമന്‍. മൂന്ന് സെഞ്ചുറികളും എട്ട് അര്‍ധ സെഞ്ചുറികളും ഗവാസ്‌കര്‍ സ്വന്തമാക്കി. 17 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വിശ്വനാഥ് 1022 റണ്‍സ് നേടി. ഇതില്‍ മൂന്ന് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം സ്ഥാനത്തുണ്ട്. 12 ടെസ്റ്റുകളില്‍ നിന്ന് മാത്രം 1015 റണ്‍സാണ് കോലിയുടെ സമ്പാദ്യം. മൂന്ന് സെ്ഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും കോലി നേടിയിട്ടുണ്ട്. 

ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ മാത്രം 12 ടെസ്റ്റില്‍ നിന്ന് പൂജാര 955 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ പുജാരയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 206 റണ്‍സും ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. കോലി 12 ടെസ്റ്റില്‍ 1015 റണ്‍സും ഗാവസ്‌കര്‍ 22 ടെസ്റ്റില്‍ നിന്ന് 1331 റണ്‍സും ഗുണ്ടപ്പ വിശ്വനാഥ് 17 ടെസ്റ്റില്‍ നിന്ന് 1022 റണ്‍സും നേടിയിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 15 ടെസ്റ്റില്‍ നിന്ന് ഇംഗ്ലണ്ടിനെതിരെ 960 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം പൂജാര തന്നെ. നാല് സെഞ്ചുറികളാണ് പൂജാരയ്ക്കുള്ളത്. പുറത്താവാതെ നേടിയ 206 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 12 ടെസ്റ്റില്‍ 53.05-ാണ് ശരാശരി.

click me!