അവന്‍ സെലക്ടര്‍മാരുടെ വാതില്‍ മുട്ടുകയല്ല, കത്തിക്കുകയാണ്; യുവതാരത്തെക്കുറിച്ച് അശ്വിന്‍

By Web TeamFirst Published Jan 30, 2023, 1:03 PM IST
Highlights

സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, വാതില്‍ കത്തിക്കുകയാണ് അവനിപ്പോള്‍ ചെയ്യുന്നത്. നിര്‍ഭാഗ്യം കൊണ്ടാണ് അവന് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലെത്താനാവാതെ പോയത്.

ചെന്നൈ: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിത്തിളങ്ങിയിട്ടും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന മുംബൈ താരം സര്‍ഫ്രാസ് ഖാനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. സര്‍ഫ്രാസ് സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, വാതില്‍ കത്തിക്കുകയാണ് ചെയ്യുന്നതെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

അവനെക്കുറിച്ച് എന്താണ് പറയുക. അവനെ ടീമിലെടുക്കണോ എന്നതിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. പക്ഷെ അതൊന്നും അവനെ ബാധിക്കുന്നില്ല. 2019-20 സീസണിലും 2020-21 സീസണിലും രഞ്ജി ട്രോഫിയില്‍ 900 ത്തിലേറെ റണ്‍സടിച്ചു കൂട്ടി സര്‍ഫ്രാസ്. ഈ സീസണില്‍ ഏതാണ് 600ല്‍ അധികം റണ്‍സും. കഴിഞ്ഞ മൂന്ന് സീസണുകളിലും അവന്‍റെ ശരാശരിയ 100ന് മുകളിലാണ് അതും ഉയര്‍ന്ന പ്രഹരശേഷി നിലനിര്‍ത്തിക്കൊണ്ടു തന്നെ. ഈ പ്രകടനങ്ങളോടെ അവന്‍ ഇന്ത്യന്‍ ടീമിലെത്താനുള്ള ശക്തമായ അവകാശവാദമാണ് ഉന്നയിക്കുന്നത്.  

സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, വാതില്‍ കത്തിക്കുകയാണ് അവനിപ്പോള്‍ ചെയ്യുന്നത്. നിര്‍ഭാഗ്യം കൊണ്ടാണ് അവന് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലെത്താനാവാതെ പോയത്. ടീമിലേക്ക തെരഞ്ഞെടുത്തില്ലെങ്കിലും അതൊന്നും അവനെ ബാധിക്കുന്നില്ല. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെയും അവന്‍ തകര്‍ത്തടിച്ച് സെഞ്ചുറി നേടി. മത്സരം മുംബൈ തോറ്റെങ്കിലും സര്‍ഫ്രാസ് അധികം വൈകാതെ ഇന്ത്യന്‍ ടീമിലെത്തുമെന്നും അശ്വിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഷഹീന്‍ അഫ്രീദിയുടെ ഏഴയലത്തുപോലും വരാനുള്ള കഴിവ് ബുമ്രക്കില്ലെന്ന് മുന്‍ പാക് താരം

ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ മാത്രമാണ് സെലക്ടര്‍മാര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയും ബാറ്ററായി സൂര്യകുമാര്‍ യാദവിനെയുമാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത്. ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്ന സൂര്യ ഏകദിനത്തില്‍ ഇതുവരെ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. എന്നാല്‍ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടും സര്‍ഫ്രാസിന് പകരം സൂര്യയെ ടീമിലുള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്കറും വെങ്കിടേഷ് പ്രസാദും സര്‍ഫ്രാസിനെ തഴയുന്നതിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു.

2020നുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ട്രിപ്പിളും രണ്ട് ഡബിളും ഉള്‍പ്പെടെ 12 സെഞ്ചുറികളാണ് സര്‍ഫ്രാസ് അടിച്ചെടുത്തത്. 2020-21 രഞ്ജി സീസണിൽ 154.66 ശരാശരിയിൽ 938 റൺസ് അടിച്ച സര്‍ഫ്രാസ് 2021-22 സീസണിൽ 122.75 ശരാശരിയിൽ 982 റൺസ് നേടിയിരുന്നു. ഈ സീസണിൽ മൂന്ന് സെഞ്ചുറികളാണ് സര്‍ഫ്രാസ് നേടിയത്.

click me!