ഷഹീന്‍ അഫ്രീദിയുടെ ഏഴയലത്തുപോലും വരാനുള്ള കഴിവ് ബുമ്രക്കില്ലെന്ന് മുന്‍ പാക് താരം
ഷഹീന്‍ അഫ്രീദിയുടെ ഏഴയലത്തുപോലും വരാനുള്ള കഴിവ് ബുമ്രക്കില്ലെന്നു പറഞ്ഞ റസാഖ് നസീം ഷായും ഹാരിസ് റൗഫും ഷഹീനെപ്പോലെ മികച്ച ബൗളര്‍മാരാണെന്നും വ്യക്തമാക്കി. മുമ്പും ഇത്തരം വിവാദ പ്രസ്തവാനകളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുള്ള താരമാണ് റസാഖ്.

കറാച്ചി: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ മികവിന്‍റെ ഏഴയലത്തുപോലും വരില്ലെന്ന് മുന്‍ പാക് താരം അബ്ദുള്‍ റസാഖ്. പാക്കിസ്ഥാനിലെ പ്രാദേശിക ചാനലിനോട് സംസാരിക്കവെയാണ് അബ്ദുള്‍ റസാഖ് ബുമ്രെയയും അഫ്രീദിയെയും താരതമ്യം ചെയ്തത്. ഷഹീന്‍ അഫ്രീദിയുടെ ഏഴയലത്തുപോലും വരാനുള്ള കഴിവ് ബുമ്രക്കില്ലെന്നു പറഞ്ഞ റസാഖ് പാക് പേസര്‍മാരായ നസീം ഷായും ഹാരിസ് റൗഫും ഷഹീനെപ്പോലെ മികച്ച ബൗളര്‍മാരാണെന്നും വ്യക്തമാക്കി. മുമ്പും ഇത്തരം വിവാദ പ്രസ്തവാനകളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുള്ള താരമാണ് റസാഖ്.
2019ല്‍ ബുമ്രയെ 'ബേബി ബൗളര്‍' എന്ന് റസാഖ് വിശേഷിപ്പിച്ചിരുന്നു. താന്‍ കളിക്കുന്ന കാലത്തായിരുന്നെങ്കില്‍ ബുമ്രയെ അടിച്ചുപറത്തിയേനെ എന്നും റസാഖ് മുമ്പ് പറഞ്ഞിരുന്നു. ഗ്ലെന്‍ മക്‌ഗ്രാത്തിനെയും വസീം അക്രത്തെയും പോലുള്ള മഹാരഥന്‍മാരെ നേരിട്ടിട്ടുള്ള തനിക്ക് ബുമ്ര വെറും കുട്ടിയാണെന്നും തന്‍റെ കാലത്തായിരുന്നു ബുമ്ര പന്തെറിഞ്ഞിരുന്നതെങ്കില്‍ അടിച്ചു പറത്തുമായിരുന്നു എന്നുമായിരുന്നു ക്രിക്കറ്റ് പാക്കിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ അന്ന് റസാഖ് പറഞ്ഞത്.
ഇന്ത്യയുടെ ഭാഗ്യവേദിയായി ദക്ഷിണാഫ്രിക്ക; 2007ല്‍ ധോണി, ഇന്നലെ ഷഫാലി; ഇനി ഹര്‍മന്‍പ്രീതിന്‍റെ ഊഴം
അതേസമയം, ഏഷ്യാ കപ്പിനിടെ നടുവിന് പരിക്കേറ്റ ബുമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരത്തിനുള്ള ടീമില്‍ ബുമ്ര തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ബുമ്ര ഏഷ്യാ കപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്കേറ്റതിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി. പിന്നീട് ടി20 ലോകകപ്പിലും ന്യൂസിലന്‍ഡിനും ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകളും ബുമ്രക്ക് നഷ്ടമായിരുന്നു.
ഷഹീന്‍ അഫ്രീദിയാകട്ടെ ലോകകപ്പിനിടെ കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍നന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം വീണ്ടും മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്ക് അലട്ടിയതോടെ രണ്ടാഴ്ച വിശ്രമം എടുത്തു. അടുത്ത മാസം 13ന് ആരംഭിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലൂടെയാകും അഫ്രീദിയുടെ തിരിച്ചുവരവ് എന്നാണ് പ്രതീക്ഷിക്കുന്നത്.