
മുംബൈ: മുന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജയും ആര്‍ പി സിംഗും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക്. സ്ഥാനമൊഴിയുന്ന എസ് ശരത്തിനും സുബ്രതോ ബാനര്‍ജിക്കും പകരം ഓജയും ആര്‍ പി സിംഗും സെലക്ഷന്‍ കമ്മിറ്റിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍താരം പ്രവീണ്‍ കുമാര്‍, കേരള കോച്ച് അമയ് ഖുറേസിയ തുടങ്ങിയവര്‍ അപേക്ഷകരായി ഉണ്ടെങ്കിലും ഓജയ്ക്കും ആര്‍ പി സിംഗിനുമാണ് സാധ്യത കൂടുതല്‍. 39കാരനായ ഓജ ഇന്ത്യക്കായി 144 വിക്കറ്റും ആര്‍ പി സിംഗ് 124 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ കരാര്‍ 2026വരെ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ ടീമിലെ തലമുറമാറ്റത്തിന്റെ കാലത്ത് ചീഫ് സെലക്ടറെന്ന നിലയില്‍ മികവ് കാട്ടാനും ഇന്ത്യന്‍ ടീമിന് ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടാനും ഏകദിന ലോകകപ്പ് ഫൈനലിലെത്താനും കഴിഞ്ഞതായി ബിസിസിഐ വിലയിരുത്തി. 2023 ജൂണിലാണ് അഗാര്‍ക്കര്‍ ഇന്ത്യന്‍ ടീമിന്റെ ചീഫ് സെലക്ടറായി ചുമതലയേറ്റത്.
ഐപിഎല്ലിന് പിന്നാലെ തന്നെ അഗാര്‍ക്കറുടെ കരാര്‍ നീട്ടാന്‍ ബിസിസിഐ ധാരണയിലെത്തിയിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഇപ്പോഴാണ് ഔദ്യഗിക തീരുമാനം വരുന്നത്. അഗാര്‍ക്കറുടെ കാലയളവിലാണ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മയില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിലേക്കും ടി20 ക്യാപ്റ്റന്‍ സ്ഥാനം സൂര്യകുമാര്‍ യാദവിലേക്കുമെത്തിയത്. ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, എന്നിവര്‍ ടി20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചതും ഇക്കാലയളവിലാണ്. രവീന്ദ്ര ജഡേജ ടി20യില്‍ നിന്നും ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതും അഗാര്‍ക്കര്‍ ചീഫ് സെലക്ടറായിരുന്ന കാലഘട്ടത്തിലാണ്.
കളിക്കാരുടെ വിരമിക്കലിലും തലമുറ മാറ്റം മികച്ച രീതിയില്‍ നടപ്പാക്കാന്‍ അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കായെന്നാണ് ബിസിസിഐ വിലയിരുത്തല്‍. രോഹിത്തിന്റെയും കോലിയുടെയും ഏകദിന ഭാവി സംബന്ധിച്ച് തീരുമാമമെടുക്കുക എന്നതാണ് അഗാര്‍ക്കര്‍ക്ക് മുന്നിലെ അടുത്ത വെല്ലുവിളി. ഇരുവരും 2027ലെ ഏകദിന ലോകകപ്പ് വരെ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കിലും യുവതാരങ്ങളുടെ തള്ളിക്കയറ്റത്തില്‍ അത് സാധ്യമാകുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.