എന്തുകൊണ്ട് സിഎസ്‌കെ ജയിക്കുന്നു, ആര്‍സിബി തോല്‍ക്കുന്നു..? കാരണം വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

By Web TeamFirst Published Mar 25, 2020, 8:36 PM IST
Highlights

താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ആര്‍സിബിക്ക് പിഴയ്ക്കുന്നുവെന്നാണ് അവരുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ദ്രാവിഡ് പറയുന്നത്.

ബാംഗളൂരു: വന്‍താരങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരിക്കല്‍പോലും ഐപിഎല്‍ കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതുവരെ മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോലിക്കും സംഘത്തിനും ഇതുവരെ കിരീടം നേടാനായിട്ടില്ല. 2016ല്‍ റണ്ണേഴ്‌സ്- അപ്പ് ആയതാണ് പ്രധാനനേട്ടം. 

ഐപിഎല്‍ ചെന്നൈയുടെ നേട്ടങ്ങളുടെയും ആര്‍സിബിയുടെ കിരീട വരള്‍ച്ചയുടെയും കാരണം കണ്ടെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ആര്‍സിബിക്ക് പിഴയ്ക്കുന്നുവെന്നാണ് അവരുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ദ്രാവിഡ് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ആര്‍സിബിക്കു ഒരിക്കലും മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. 

സന്തുലിതമായ ഒരു ടീമിനെ തിരഞ്ഞെടുക്കാനും അവര്‍ക്ക് ഇതുവരെ ആയിട്ടില്ല. ടീം സെലക്ഷനിലും ലേലത്തിലുമെല്ലാം അവരുടെ പ്രകടനം മോശമാണ്. 15 കോടി രൂപ യുവരാജ് സിംഗിന് വേണ്ടി ചിലവഴിച്ചിരുന്നു അവര്‍. ഇതോടെ ഡെത്ത് ബൗളറെ സ്വന്തമാക്കാന്‍ പൈസ ഇല്ലാതായി. ഇത്തരം തെറ്റായ സമീപനങ്ങളാണ് ആര്‍സിബിയെ പിന്നോട്ടടിപ്പിക്കുന്നത്. വിദേശ താരങ്ങളുടെ നാല് സ്ലോട്ടിലേക്ക് ആവശ്യത്തിലധികം താരങ്ങള്‍ ആര്‍സിബി നിരയിലുണ്ട്. എന്നാല്‍ മികച്ച ഇന്ത്യന്‍ താരങ്ങള്‍ വളരെ പരിമിതമായിട്ടാണ് ടീമിലുള്ള. 

ഓവര്‍സീസ് താരങ്ങളെ കളിപ്പിക്കുന്നതില്‍ ചെന്നൈ എപ്പോഴും മികവ് പുലര്‍ത്തിയിട്ടുണ്ട് മികച്ച നാലു വിദേശ താരങ്ങള്‍ എല്ലായ്പ്പോഴും അവരുടെ പ്ലെയിങ് ഇലവനിലുണ്ടാവും.  ഇതാണ് സിഎസ്‌കെയെ ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സഹായിക്കുന്നത്. ബൗളിങ് നിരയാണ് ചെന്നൈയുടെ മറ്റൊരു ശക്തി. എല്ലായ്പ്പോഴും എതിര്‍ ടീമിനെ പ്രതിരോധത്തിലാക്കാന്‍ സിഎസ്‌കെയ്ക്കു കഴിയും. മറുഭാഗത്ത് സിഎസ്‌കെയുടേത് പോലെ മികച്ച ബൗളിങ് നിര ആര്‍സിബിക്കു ഇതുവരെ ഉണ്ടായിട്ടില്ല.''  ടിം വിഗ്മോര്‍- ഫ്രെഡ്ഡി വില്‍ഡെ എന്നിവര്‍ ചേര്‍ന്നു പുറത്തിറക്കിയ പുസ്‌കത്തിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.

click me!