
തിരുവനന്തപുരം: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിചപ്പോള്‍ സഞ്ജു സാംസണും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷനാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ശുഭ്മാന്‍ ഗില്ലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹമാണ് വൈസ് ക്യാപ്റ്റനും. അദ്ദേഹം ഓപ്പണറാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ സഞ്ജു എവിടെ കളിക്കുമെന്നുള്ളതാണ് ചോദ്യം. ഫിനിഷറായി കളിപ്പിക്കുമോ എന്ന് കണ്ടറിയണം. മറ്റൊരു വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് സംസാരിക്കുകയാണ് മെന്ററായി റൈഫി വിന്‍സെന്റ് ഗോമസ്. ഏത് പൊസിഷനിലും കളിക്കാനുള്ള ശേഷി സഞ്ജുവിനുണ്ടെന്നാണ് റൈഫി പറയുന്നത്. ''അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കളിക്കാരന്‍ എന്ന നിലയില്‍ സഞ്ജുവിന് എവിടേയും കളിക്കാനുള്ള വഴക്കമുള്ളവനാണ്. തന്റെ കഴിവുകളില്‍ അദ്ദേഹത്തിന് വളരെ ആത്മവിശ്വാസവുമുണ്ട്. സഞ്ജു ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതിലാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്.'' റൈഫി പറഞ്ഞു.
മുന്‍ കേരള, പോണ്ടിച്ചേരി ഓള്‍റൗണ്ടര്‍ കൂടിയായ ഗോമസ് തുടര്‍ന്നു... ''ഇംഗ്ലണ്ട് ടി20യില്‍ സംഭവിച്ചത് എല്ലാ ക്രിക്കറ്റ് കളിക്കാരും സംഭവിക്കുന്നതാണ്. പരിക്കേറ്റതിന് ശേഷം, ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ അദ്ദേഹം ആവശ്യമായ സമയം ചെലവഴിച്ചു. ഇപ്പോള്‍ കെസിഎല്‍ മത്സരങ്ങളില്‍ കളിക്കുന്നതിനാല്‍ അദ്ദേഹം ആത്മവിശ്വാസത്തിലാണ്.'' റൈഫി വ്യക്തമാക്കി.
കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് സഞ്ജു. നാലു മത്സരങ്ങളില്‍ നിന്ന് 74.33 ശരാശരിയില്‍ 187.39 സ്‌ട്രൈക്ക് റേറ്റില്‍ 223 റണ്‍സടിച്ചാണ് സഞ്ജു റണ്‍വേട്ടക്കാരില്‍ രണ്ടാമനായത്. ടൂര്‍ണമെന്റില്‍ ഇതുവരെ 16 സിക്‌സുകള്‍ പറത്തിയ സഞ്ജു കൂടുതല്‍ സിക്‌സ് പറത്തിയ താരങ്ങളില്‍ രണ്ടാമതാണ്. കെസിഎല്ലിലെ ആദ്യ മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങാനിരുന്ന സഞ്ജു ബാറ്റിംഗിനിറങ്ങിയിരുന്നില്ല. രണ്ടാം മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ സഞ്ജു 22 പന്തില്‍ 13 റണ്‍സ് മാത്രമെടുത്ത് പുറത്തായത് നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ 51 പന്തില്‍ 121 റണ്‍സെടുത്ത സഞ്ജു ഇന്നലെ 46 പന്തില്‍ 89 റണ്‍സുമടിച്ചാണ് റണ്‍വേട്ടയില്‍ രണ്ടാമനായത്.