അവസാന 4 ഓവറുകളില്‍ തന്ത്രം പിഴച്ച് സഞ്ജു, കുല്‍ദീപ് സെന്നിനെ ഉപദേശിച്ച് കുളമാക്കി പരാഗും ബട്‌ലറും

By Web TeamFirst Published Apr 11, 2024, 9:35 AM IST
Highlights

പതിനെട്ടാം ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷാരൂഖ് ഖാന്‍റെ വിക്കറ്റുമെടുത്ത ആവേശ് ഖാന്‍ കളി വീണ്ടും രാജസ്ഥാന്‍റെ കൈകളിലെത്തിച്ചിരുന്നു.

ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ തോല്‍വി വഴങ്ങിയപ്പോള്‍ നിര്‍ണായകമായത് അവസാന നാലോവറിലെ രാജസ്ഥാന്‍ റോയല്‍സിന്‍റെ മോശം ബൗളിംഗ് പ്രകടനമായിരുന്നു. അവസാന അഞ്ചോവറല്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടത് 73 റണ്‍സായിരുന്നു. പതിനാറാം ഓവറില്‍ യുസ്‌വേന്ദ്ര ചാഹല്‍ 13 റണ്‍സ് വഴങ്ങിയെങ്കിലും ശുഭ്മാന്‍ ഗില്ലിന്‍റെ നിര്‍ണായക വിക്കറ്റ് എടുത്തതോടെ കളി രാജസ്ഥാന്‍റെ കൈയിലായെന്നാണ് ഗുജറാത്ത് ആരാധകര്‍ പോലും കരുതിയത്.

എന്നാല്‍ നിര്‍ണായകമായ പതിനേഴാം ഓവര്‍ ആര്‍ അശ്വിന് നല്‍കാനുള്ള സഞ്ജുവിന്‍റെ തീരുമാനമാണ് മത്സരഫലത്തില്‍ നിര്‍ണായകമായത്. അശ്വിന്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ ഷാരുഖ് ഖാനും രാഹുല്‍ തെവാട്ടിയയും ചേര്‍ന്ന് 17 റണ്‍സ് അടിച്ചെടുത്തു. പവര്‍ പ്ലേയില്‍ രണ്ടോവര്‍ മാത്രം എറിഞ്ഞ് എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത സ്ട്രൈക്ക് ബൗളറായ ട്രെന്‍റ് ബോള്‍ട്ടിന്‍റെ രണ്ടോവര്‍ ബാക്കിയുള്ളപ്പോഴായിരുന്നു അശ്വിനെ വെച്ചുള്ള പരീക്ഷണം. സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍ത്തടിക്കുന്ന ഷാരൂഖ് ഖാന്‍ അശ്വിനെ സിക്സിനും ഫോറിനും പറത്തുകയും ചെയ്തു.

Latest Videos

'നിങ്ങള്‍ എങ്ങനെ തോറ്റു' എന്ന് അവതാരകന്‍റെ ബുദ്ധിപരമായ ചോദ്യം; സിംപിൾ മറുപടിയുമായി വായടപ്പിച്ച് സഞ്ജു സാംസൺ

പതിനെട്ടാം ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷാരൂഖ് ഖാന്‍റെ വിക്കറ്റുമെടുത്ത ആവേശ് ഖാന്‍ കളി വീണ്ടും രാജസ്ഥാന്‍റെ കൈകളിലെത്തിച്ചിരുന്നു. അവസാന രണ്ടോവറില്‍ 35 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ സമയം പന്തെറിയാനെത്തിയതാകട്ടെ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ കുല്‍ദീപ് സെന്നും. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് ആദ്യ പന്ത് മികച്ച രീതിയില്‍ എറിഞ്ഞെങ്കിലും രണ്ടാം പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ പന്തില്‍ രാഹുല്‍ തെവാട്ടിയ ബൗണ്ടറി നേടിയതോടെ ലോംഗ് ഓണിലും ലോംഗ് ഓഫിലും നിന്നിരുന്ന റിയാന്‍ പരാഗും ജോസ് ബട്‌ലറും ചേര്‍ന്ന് കുല്‍ദീപിനെ ഉപദേശിച്ചു.  

അടുത്ത പന്തില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയ കുല്‍ദീപിനെ നാലാം പന്തില്‍ വീണ്ടും ബൗണ്ടറി കടത്തി റാഷിദ് ഖാന്‍. കൂനിന്‍മേല്‍ കുരുപോലെ അത് നോ ബോളായി. പിന്നാലെ ബട്‌ലറും പരാഗും വീണ്ടും കുല്‍ദീപ് സെന്നിന്‍റെ അടുത്ത് ഉപദേശവുമായി എത്തി. ഈ സമയം കുല്‍ദീപിനെ ഉപദേശിച്ച് കുളമാക്കരുതെന്ന് കമന്‍റേറ്റര്‍മാര്‍ പറയുകയും ചെയ്തു. വീണ്ടും വൈ‍ഡും അവസാന പന്തില്‍ ഫോറും വഴങ്ങിയ കുല്‍ദീപ് ആ ഓവറില്‍ വിട്ടുകൊടുത്തത് 20 റണ്‍സ്. പതിനെട്ടാം ഓവര്‍ നന്നായി എറിഞ്ഞ ആവേശ് ഖാന് അവസാന ഓവര്‍ നല്‍കാനുള്ള സഞ്ജുവിന്‍റെ തീരുമാനം ന്യായമായിരുന്നു.

ആവേശപ്പോരില്‍ അവസാന പന്തില്‍ രാജസ്ഥാന്‍ വീണു, ഗുജറാത്തിന് നാടകീയ ജയം; കളി മാറ്റിയത് റാഷിദ് ഖാനും തെവാട്ടിയയും

കാരണം, മുന്‍ മത്സരങ്ങളിലും ഡെത്ത് ഓവറില്‍ ആവേശ് ഖാന്‍ മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ ആവേശിന്‍റെ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി റാഷിദ് ഖാന്‍ സമ്മര്‍ദ്ദത്തിലാക്കിയതോടെ ആവേശ് യോര്‍ക്കറുകള്‍ മറന്നു. മൂന്നാം പന്തില്‍ വൈഡ് യോര്‍ക്കര്‍ എറിഞ്ഞെങ്കിലും പന്ത് റാഷിദിന്‍റെ ബാറ്റിന്‍റെ എഡ്ജ് എടുത്ത് ബൗണ്ടറി കടന്നതോടെ കളി കൈയില്‍ നിന്ന് പോകുകയും ചെയ്തു. പിന്നീട് ഒരു പന്ത് പോലും യോര്‍ക്കര്‍ ലെങ്ത്തിലെറിയാന്‍ ആവേശ് ശ്രമിച്ചില്ല. ഏഴ് വൈഡും ഒരു നോ ബോളും എറിഞ്ഞ ബൗളര്‍മാരുടെ ധാരാളിത്തവും ഫലത്തില്‍ നിര്‍ണായകമായി. ഏഴ് വൈഡുകള്‍ എറി‍ഞ്ഞതോടെ നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറച്ചെറിഞ്ഞ രാജസ്ഥാന് അവസാന ഓവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താനായുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!