
ജയ്പൂര്‍: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് അടിച്ചെടുക്കാനാവാതെ രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീമിനെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണങ്ങളോട് പ്രതികരിച്ച് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍റെ തോല്‍വികളില്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ ബിഹാനിക്കെതരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്മെന്‍റ് രാജസ്ഥാന്‍ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകി. ബിഹാനിയുടെ ആരോപമങ്ങള്‍ അടിസ്ഥാനരഹിതവും, യാതൊരു തെളിവുമില്ലാത്തതുമാണെന്ന് രാജസ്ഥാന്‍ ടീം മാനേജ്മെന്‍റ് പ്രതിനിധിയായ ദീപ് റോയ് പറഞ്ഞു.
'23.75 കോടിയുടെ മുതലാണ്', കൊല്‍ക്കത്ത തോറ്റതിന് പിന്നാലെ വെങ്കടേഷ് അയ്യരെ പൊരിച്ച് ആരാധകര്‍
അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെന്നും ഇത്തരം ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവ മാത്രമല്ല, രാജസ്ഥാൻ റോയൽസിനും രാജസ്ഥാൻ സ്‌പോർട്‌സ് കൗൺസിൽ, ബിസിസിഐ എന്നിവയുടെ വിശ്വാസ്യതയ്ക്കും ചോദ്യം ചെയ്യുന്നതുമാണെന്ന് ദീപ് റോയ് പറഞ്ഞു.
ലക്നൗവിനെതിരായ മത്സരത്തില്‍ അവസാന മൂന്നോവറില്‍ 25 റണ്‍സും അവസാന ഓവറില്‍ 9 റണ്‍സും മാത്രം ജയിക്കാന്‍ മതിയായിരുന്നിട്ടും രാജസ്ഥാന്‍ രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനറായ ജയ്ദീപ് ബിഹാനിയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയത്.
രാജസ്ഥാന് റോയല്‍സ് താരങ്ങളും ടീം ഉടമ രാജ് കുന്ദ്രയും മുമ്പും ഒത്തുകളിക്ക് പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്ദീപ് ബിഹാനി ന്യൂസ് 18 രാജസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ റോയല്‍സിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രകടനങ്ങളെക്കുറിച്ചും കഴിഞ്ഞ മത്സരങ്ങളില്‍ ഒത്തുകളി നടന്നിട്ടുണ്ടോ എന്നും ബിസിസിഐ അന്വേഷിക്കണമെന്നും ബിഹാനി ആവശ്യപ്പെട്ടു. ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ നിസാര കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തിയെന്നും ബിഹാനി പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക