
ന്യൂചണ്ഡീഗഡ്: ഐപിഎൽ എലിമിനേറ്ററില്‍ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്കോറുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ഹൈദരാബാദനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സടിച്ചു. 29 പന്തില്‍ 97 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ധ്രുവ് ജുറെല്‍ 21 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 29ഉം ക്യാപ്റ്റൻ റിയാന്‍ പരാഗ് 12 പന്തില്‍ 26 റണ്‍സുമെടുത്തു. 15 ഓവറിനുശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ രാജസ്ഥാന് അവസാന അഞ്ചോവറില്‍ 36 റണ്‍സ് മാത്രമാണ് നേടാനായത്. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 54 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ നായകന്‍ പാറ്റ് കമിന്‍സ് നാലോവറില്‍ 64 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ രാജസ്ഥാനുവേണ്ടി വൈഭവ് സൂര്യവംശി ആറാടിയപ്പോള്‍ പവർ പ്ലേയില്‍ സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സിലെത്തി. ഇതില്‍ 60 റണ്‍സും വൈഭവിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് ഹൈദരാബാദ് നായകന്‍ പാറ്റ് കിമിന്‍സ് എറിഞ്ഞ മൂന്നാം ഓവറില്‍ ഹാട്രിക് സിക്സ് പറത്തി. നാലാം ഓവറില്‍ രാജസ്ഥാന്‍ സ്കോര്‍ 50 കടന്നു.
പവര്‍ പ്ലേക്ക് ശേഷം സാക്കിബ് ഹുസൈനെയും പ്രഫുല്‍ ഹിംഗെയെയും അടിച്ചുപറത്തിയ വൈഭവ് 28 പന്തില്‍ 97 റണ്‍സിലെത്തി ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിക്ക് അരികിലെത്തിയെങ്കിലും എട്ടാം ഓവറിലെ അവസാന പന്തില്‍ 29 പന്തില്‍ 97 റണ്‍സെടുത്ത വൈഭവ് വീണു. ഹിംഗെയുടെ പന്തില്‍ സ്മരൺ രവിചന്ദ്രന്‍ തേര്‍ഡ് മാനില്‍ വൈഭവിനെ കൈയിലൊതുത്തി. വൈഭവ് പുറത്താവുമ്പോള്‍ 8 ഓവറില്‍ രാജസ്ഥാൻ 125 റണ്‍സിലെത്തിയിരുന്നു. 12 സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്‍രെ വെടിക്കെട്ട്.
പതിനൊന്നാം ഓവറില്‍ യശസ്വി ജയ്സ്വാള്‍(29) മടങ്ങിയെങ്കിലും അടി തുടര്‍ന്ന ധ്രുവ് ജുറെല്‍ രാജസ്ഥാനെ11 ഓവറില്‍ 150 കടത്തി. നായകന്‍ റിയാന്‍ പരാഗും തകര്‍ത്തടിച്ചതോടെ 13 ഓവറില്‍ രാജസ്ഥാന്‍ 180ല്‍ എത്തി. 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ധ്രുവ് ജുറെല്‍ പതിനാലാം ഓവറില്‍ വീണു. പതിനഞ്ചാം ഓവറില്‍ 200 കടന്നെങ്കിലും പതിനാറാം ഓവറില്‍ റിയാന്‍ പരാഗും(26) പിന്നാലെ ദാസുന്‍ ഷനകയും(5), പത്തൊമ്പതാം ഓവരില്‍ ഡൊണോവന്‍ ഫെരേരയും(12) വീണതോടെ അവസാന 5 ഓവറില്‍ 36 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാനായത്. രവീന്ദ്ര ജഡേജ 9 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു. ഹൈദരാബാദ് നിരയില്‍ പാറ്റ് കമിന്‍സും സാക്കിബ് ഹുസൈനും പ്രഫുല്‍ ഹിംഗെയും 50ലേറെ റണ്‍സ് വഴങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!