അസമിനെതിരെ എനിക്ക് വളരെ നല്ല രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞു. കുറച്ചു കാലമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും വലിയ സ്കോറുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല.

മുംബൈ: തെറ്റായ തീരുമാനത്തിലൂടെയാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അസമിനെതിരായ മത്സരത്തില്‍ പുറത്തായതെന്ന് മുംബൈ യുവതാരം പൃഥ്വി ഷാ. മത്സരത്തില്‍ രഞ്ജിയിലെ ആദ്യ ട്രിപ്പിള്‍ അടിച്ച പൃഥ്വി ഷാ 383 പന്തില്‍ 379 റണ്‍സടിച്ച് റിയാന്‍ പരാഗിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. താന്‍ പുറത്തല്ലായിരുന്നുവെന്നും 400 റണ്‍സടിക്കാമായിരുന്നുവെന്നും രണ്ടാം ദിനത്തിലെ കളിക്കുശേഷം പൃഥ്വി ഷാ പറഞ്ഞു.

അസമിനെതിരെ എനിക്ക് വളരെ നല്ല രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞു. കുറച്ചു കാലമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും വലിയ സ്കോറുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ക്രീസില്‍ കൂടുതല്‍ സമയം നില്‍ക്കാന്‍ തീരുമാനിച്ചാണ് മത്സരത്തിനിറങ്ങിയത്. സീമര്‍മാര്‍ക്ക് നല്ല മൂവ്മെന്‍റ് ലഭിച്ചിരുന്ന പിച്ചില്‍ ക്ഷമയോടെ പിടിച്ചു നിന്നാല്‍ റണ്‍സടിക്കാന്‍ കഴിയുമെന്ന് മനസിലായിരുന്നുവെന്നും പറഞ്ഞു.

പരമ്പര മോഹിച്ച് ടീം ഇന്ത്യ, തിരിച്ചുവരവിന് ലങ്ക; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീപാറും

മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യാ രഹാനെക്കൊപ്പം ബാറ്റ് ചെയ്യാനായതും തന്‍റെ പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പൃഥ്വി ഷാ വ്യക്തമാക്കി. ഇത്രയധികം രാജ്യാന്തര മത്സരപരിചയമുള്ള അജിങ്ക്യാ രഹാനെക്കൊപ്പം ബാറ്റ് ചെയ്യാനായത് തന്‍ററെ കളി നിലവാരം ഉയര്‍ത്തിയെന്നും പൃഥ്വി ഷാ പറഞ്ഞു. മത്സരത്തില്‍ 191 റണ്‍സടിച്ച രഹാനെയായിരുന്നു മുംബൈയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഇരുവരുടെയും ബാറ്റിംഗ് കരുത്തില്‍ മുംബൈ ഒന്നാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 687 റണ്‍സാണ് അടിച്ചു കൂട്ടിയത്.

അസമിനെതിരായ ട്രിപ്പിള്‍ സെഞ്ചുറിക്ക് മുമ്പ് രഞ്ജിയില്‍ കളിച്ച കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളില്‍ 22.85 ശരാശരിയില്‍ 160 റണ്‍സ് മാത്രം നേടാനെ പൃഥ്വി ഷാക്ക് കഴിഞ്ഞിരുന്നുള്ളു. 68 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ അസമിനെതിരെ നേടിയ ട്രിപ്പിള്‍ സെ‍ഞ്ചുറിയോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ കൂടിയാണ് പൃഥ്വി ഷാ തുറന്നെടുത്തത്.