ഈ ടീം വിരാട് കോലിയുടേതല്ല, രവി ശാസ്ത്രിയുടേതെന്ന് മോണ്ടി പനേസർ

By Gopalakrishnan CFirst Published May 28, 2021, 7:38 PM IST
Highlights

കോലിയേക്കേൾ ഇന്ത്യൻ ടീമിൽ സ്വാധീനം ചെലുത്തുന്നത് രവി ശാസ്ത്രിയാണെന്ന് പനേസർ പറഞ്ഞു. ഇന്ത്യൻ ടീമിൽ ആത്മവിശ്വാസം നിറച്ചതും ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് പരമ്പര നേട്ടത്തിലേക്ക് ഇന്ത്യയെ ഉയർത്തിയതും ഇതിന് ഉദാഹരണമാണെന്നും പനേസർ

ലണ്ടൻ: സമീപകാലത്തെ ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ വിജയത്തിന് പിന്നിൽ ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിക്കും വലിയ പങ്കുണ്ട്. കുംബ്ലെയുടെ പകരക്കാരനായി എത്തിയ ശാസ്ത്രി, കോലിയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. എന്നാൽ നിലവിലെ ഇന്ത്യൻ ടീം വിരാട് കോലിയുടേതല്ല രവി ശാസ്ത്രിയുടേതാണെന്ന് തുറന്നു പറയുകയാണ് മുൻ ഇം​ഗ്ലീഷ് സ്പിന്നറായ മോണ്ടി പനേസർ.

കോലിയേക്കേൾ ഇന്ത്യൻ ടീമിൽ സ്വാധീനം ചെലുത്തുന്നത് രവി ശാസ്ത്രിയാണെന്ന് പനേസർ പറഞ്ഞു. ഇന്ത്യൻ ടീമിൽ ആത്മവിശ്വാസം നിറച്ചതും ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് പരമ്പര നേട്ടത്തിലേക്ക് ഇന്ത്യയെ ഉയർത്തിയതും ഇതിന് ഉദാഹരണമാണെന്നും പനേസർ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു മാസങ്ങളിലെ പ്രകടനം നോക്കിയാൽ ഈ ഇന്ത്യൻ ടീം വിരാട് കോലിയുടേതിനേക്കാളുപരി രവി ശാസ്ത്രിയുടേതാണെന്ന് വ്യക്തമാവും. കാരണം ഓസ്ട്രേലിയക്കെതിരെ അഡ്ർലെയ്ഡിൽ 36 റൺസിന് ഓൾ ഔട്ടായിട്ടും പരിക്ക് മൂലം താരങ്ങളെ തുടർച്ചയായി നഷ്ടമായിട്ടും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയതിന് പിന്നിൽ രവി ശാസ്ത്രി ടീമിന് നൽകുന്ന ആത്മവിശ്വാസമാണ്. ആദ്യ ടെസ്റ്റിനുശേഷം കോലി ആ പരമ്പരയിൽ കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയിലെ ആ അത്ഭുത വിജയത്തിന് പിന്നിൽ രവി ശാസ്ത്രിയുടെ കരങ്ങളാണെന്ന് നിസംശയം പറയാമെന്നും പനേസർ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിം​ഗ്സിൽ 36 റൺസിന് ഓൾ ഔട്ടായി നാണംകെട്ട ഇന്ത്യ നാലു മത്സര പരമ്പരയിൽ 2-1ന്റെ ജയവുമായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെയും പേസർമാരായ ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെയും അഭാവത്തിലായിരുന്നു ഇന്ത്യൻ ജയം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!