രവീന്ദ്ര ജഡേജ ലോകകപ്പില്‍ കളിക്കും, പക്ഷേ അത് പ്രതീക്ഷിക്കരുത്; ടീമിനും ആരാധകര്‍ക്കും മുന്നറിയിപ്പുമായി ചോപ്ര

By Web TeamFirst Published Aug 14, 2022, 1:22 PM IST
Highlights

ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ ജഡേജയ്‌ക്ക് ഒരിക്കലും അനുകൂലമാകാന്‍ പോകുന്നില്ലെന്നും ആകാശ് ചോപ്ര

മുംബൈ: അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഉറപ്പായും കളിക്കുമെന്ന് മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ ജഡ്ഡുവിന് സാധിക്കില്ലെന്നും ചോപ്ര പറഞ്ഞു. 

'ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കുന്ന ആദ്യ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലായിരിക്കം. രണ്ടാമന്‍ രവീന്ദ്ര ജഡേജയും. ജഡേജ ഉറപ്പായും ലോകകപ്പില്‍ കളിക്കും. എന്നാല്‍ ഏറെ വിക്കറ്റുകള്‍ ടീമിന് നല്‍കാന്‍ ജഡേജയ്‌ക്കാവില്ല. അത് കാണാന്‍ കാത്തിരുന്നോളൂ. കണ്ണാടി കള്ളം പറയില്ല. അദ്ദേഹത്തിന്‍റെ നമ്പറുകള്‍ നോക്കൂ. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഏഴ് മത്സരങ്ങള്‍ കളിച്ചു. വെറും നാല് വിക്കറ്റുകളേ നേടിയുള്ളൂ. 43ന് മുകളിലാണ് ശരാശരിയെങ്കില്‍ ഇക്കോണമി 8.5നടുത്തും. ഈ നമ്പറുകള്‍ മികച്ചതല്ല. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 50നടുത്ത് ശരാശരിയിലും 7.50 ഇക്കോണമിയിലും അഞ്ച് വിക്കറ്റുകള്‍ മാത്രമേ നേടിയുള്ളൂ. സ്‌ട്രൈക്ക് റേറ്റ് 40നടുത്ത് മാത്രമാണ്. 

രവീന്ദ്ര ജഡേജയ്‌ക്കും ബാറ്റിംഗും ഫീല്‍ഡിംഗും കഴിയും. അങ്ങനെയൊരു പാക്കേജായതിനാല്‍ താരം എന്തായാലും പ്ലേയിംഗ് ഇലവനില്‍ വരും. എന്നാല്‍ ടീമിന്‍റെ വിക്കറ്റ് ടേക്കര്‍ ബൗളറാവില്ല. അതിനാല്‍ ഏറെ വിക്കറ്റുകള്‍ ലോകകപ്പില്‍ ജഡേജ നേടുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ ജഡേജയ്‌ക്ക് ഒരിക്കലും അനുകൂലമാകാന്‍ പോകുന്നില്ല' എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ രവീന്ദ്ര ജഡേജയുണ്ട്. ഈ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ കളിക്കാനാണ് സാധ്യതയെന്നിരിക്കേയാണ് ചോപ്രയുടെ പ്രവചനം. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍. 

അയാള്‍ കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്‌ത് കാണാന്‍ ആഗ്രഹമുണ്ട്; തുറന്നുപറഞ്ഞ് മുന്‍താരം

click me!