
അഹമ്മദാബാദ്: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിഷ്‌ക്രിയമാക്കി രവീന്ദ്ര ജഡേജ. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ ജഡേജയെ രാജസ്ഥാന്‍ റോയല്‍സിന് വിട്ടുകൊടുത്ത് സഞ്ജു സാംസണെ കൊണ്ടുവരുമെന്ന വാര്‍ത്തകള്‍ക്ക് ചൂടുപിടിക്കുമ്പോഴാണ് ജഡേജ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തത്. ട്രേഡ് വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഫ്രാഞ്ചൈസികളോ താരങ്ങളോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. നവംബര്‍ 15നാണ് നിലനിര്‍ത്തുന്നതും ഒഴിവാക്കുന്നതുമായ താരങ്ങളുടെ ലിസ്റ്റ് കൊടുക്കാനുള്ള അവസാന സമയം. ഇതിനിടെയാണ് ജഡേജ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായത്.
ഇതിനിടെ ട്രേഡ് സംബന്ധിച്ച് ഇരു ടീമുകളും താരങ്ങളും തമ്മില്‍ ധാരണയായതായി ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിനെ വിട്ടുകിട്ടാന്‍ ജഡേജയ്‌ക്കൊപ്പം സാം കറനേയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിട്ടുകൊടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണത്തി് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. കരാര്‍ നടന്നാല്‍, 16 വര്‍ഷത്തിനുശേഷം ജഡേജ റോയല്‍സുമായി വീണ്ടും ഒന്നിക്കും. 2008, 2009 ഉദ്ഘാടന സീസണുകളില്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ജഡേജ.
തൊട്ടടുത്ത സീസണില്‍ റോയല്‍സ് ടീം അധികൃതരെ അറിയിക്കാതെ ജഡേജ, മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. കരാര്‍ ലംഘനം നടത്തിയ താരത്തിനെതിരെ റോയല്‍സ് ബിസിസിഐ സമീപിച്ചു. ബിസിസിഐ, ജഡേജയ്ക്ക് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിലെത്തി ജഡേജ. പിന്നീടായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സിയില്‍ കളിക്കുന്നത്. 2012 മുതല്‍ ചെന്നൈയുടെ താരമാണ് ജഡേജ. ഇതിനിടെ സിഎസ്‌കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിനും കളിച്ചു. 36കാരനായ ജഡേജ അടുത്തിടെ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
2019ല്‍ പഞ്ചാബ് കിംഗ്സില്‍ നിന്നാണ് കറന്‍ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2023, 2024 സീസണിലും അവര്‍ക്കായി കളിച്ചു. 2020, 2021 സീസണിലും സിഎസ്‌കെയ്ക്കായി കളിച്ചു. 2025 സീസണില്‍ 2.4 കോടി രൂപയ്ക്ക് കറനെ സിഎസ്‌കെ തിരികെ വാങ്ങി, അഞ്ച് മത്സരങ്ങളില്‍ നിന്ന് 114 റണ്‍സും ഒരു വിക്കറ്റും മാത്രമാണ് അദ്ദേഹം നേടിയത്.