
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര. മൂന്നാം ദിനം കേരളത്തിന്റെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായ 73 റണ്‍സിനെതിരെ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ സൗരാഷ്ട്രയ്ക്ക് 58 റണ്‍സ് ലീഡായി. ഇന്ന് രണ്ട് വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്. അര്‍പിത് വാസവദ (37), ചിരാഗ് ജനി (32) എന്നിവരാണ് ക്രീസില്‍. മംഗലപുരം, കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 160നെതിരെ കേരളം 233 റണ്‍സ് നേടിയിരുന്നു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ് സൗരാഷ്ട്ര ഇന്ന് ബാറ്റിംഗിനെത്തിയത്. ജയ് ഗോഹിലിന്റെ (24) വിക്കറ്റാണ് ഇന്ന് സൗരാഷ്ട്രയ്ക്ക് ആദ്യം നഷ്ടമായത്. നിധീഷ് എം ഡിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഗജ്ജാര്‍ സാമ്മറും (31) മടങ്ങി. ബേസില്‍ എന്‍ പിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇന്നലെ ഹര്‍വിക് ദേശായിയുടെ (5) വിക്കറ്റ് സൗരാഷ്ട്രയ്ക്ക് നഷ്ടമായിരുന്നു.
രണ്ടാം ദിനം രണ്ട് വിക്കറ്റിന് 82 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തില്‍ തന്നെ അഹമ്മദ് ഇമ്രാന്റെ വിക്കറ്റ് നഷ്ടമായി. 10 റണ്‍സെടുത്ത ഇമ്രാനെ ജയ്ദേവ് ഉനദ്ഘട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സ്‌കോര്‍ 128ല്‍ നില്‍ക്കെ രോഹന്‍ കുന്നുമ്മലും മടങ്ങി. 80 റണ്‍സെടുത്ത രോഹന്‍, ചിരാഗ് ജാനിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ റണ്‍സെടുക്കാതെ മടങ്ങി. എന്നാല്‍ അങ്കിത് ശര്‍മ്മയും ബാബ അപരാജിത്തും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേര്‍ന്നുള്ള 78 റണ്‍സ് കൂട്ടുകെട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.
38 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയെ പുറത്താക്കി ധര്‍മ്മേന്ദ്ര സിങ് ജഡേജയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. വരുണ്‍ നായനാരും ബേസില്‍ എന്‍ പിയും റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ ഏദന്‍ ആപ്പിള്‍ ടോം നാല് റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ ഒരറ്റത്ത് ഉറച്ച് നിന്ന ബാബ അപരാജിത്തും പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് 233ല്‍ അവസാനിച്ചു. 69 റണ്‍സാണ് അപരാജിത് നേടിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനദ്ഘട്ട് നാലും ഹിതെന്‍ കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.