
റാഞ്ചി: റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ കണ്ടത് കിംഗ് കോലിയുടെ ബാറ്റിംഗ് വിരുന്ന്. ഏകദിനത്തിലെ അന്‍പത്തിരണ്ടാം സെഞ്ച്വറിയിലൂടെ ഒരുപിടി റെക്കോര്‍ഡുകളും വിരാട് കോലി സ്വന്തമാക്കി. കോലിയാണ് കളിയിലെ താരം. റാഞ്ചിയെ ത്രസിപ്പിക്കുകയായിരുന്നു കോലി. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നത്. ആരാധകര്‍ക്ക് ആഘോഷം. ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏകദിന സെഞ്ച്വറി കോലിക്ക് അത്യാവേശം. അഭിനന്ദനവമായി രോഹിത് ശര്‍മയും ഡ്രസിംഗ് റൂമിലുണ്ടായിരുന്നു.
ട്വന്റി 20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചെങ്കിലും ബാറ്റിംഗ് മികവിന് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് തെളിയിച്ച് കിംഗ് കോലി. നാലാം ഓവറില്‍ മൂന്നാമനായി ക്രീസിലെത്തിയ കോലി ധോണിയുടെ നാട്ടില്‍ സെഞ്ച്വറി തികച്ചത് നൂറ്റിരണ്ടാം പന്തില്‍. 120 പന്തില്‍ 135 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ കോലിയുടെ ഇന്നിംഗ്‌സില്‍ 11 ഫോറും ഏഴ് സിക്‌സും ഉണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ 83-ാം സെഞ്ച്വറി. ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറിവേട്ടക്കാരില്‍ രണ്ടാമന്‍. 100 സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്.
ഒറ്റഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡും കോലി തകര്‍ത്തു. ഒപ്പം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടവും കോലിക്ക് സ്വന്തം. മറികടന്നത് അഞ്ച് സെഞ്ച്വറി വീതം നേടിയ സച്ചിനേയും ഡേവിഡ് വാര്‍ണറേയും.
ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതി തോല്‍ക്കുകയായിരുന്നു. റാഞ്ചിയില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ (120 പന്തില്‍ 135) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ (56 പന്തില്‍ 60), രോഹിത് ശര്‍മ (51 പന്തില്‍ 57) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്‍സന്‍, നന്ദ്രേ ബര്‍ഗര്‍, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ 332 റണ്‍സിന് എല്ലാവരും പുറത്തായി. മാത്യൂ ബ്രീറ്റ്സ്‌കെ (70), മാര്‍കോ ജാന്‍സന്‍ (70), കോര്‍ബിന്‍ ബോഷ് (67) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കിയത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് നാലും ഹര്‍ഷിത് റാണ മൂന്നും വിക്കറ്റെടുത്തു.