
ഹൈദരാബാദ്: നേരിട്ട രണ്ടാം പന്ത് തന്നെ സിക്‌സടിച്ചാണ് റിഷഭ് പന്ത് ടെസ്റ്റ് കരിയര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു പന്തിന്റെ അരങ്ങേറ്റം. അരങ്ങേറത്തിന് ശേഷം ഇടയ്ക്ക് ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും ഇപ്പോള്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത താരമാണ് പന്ത്. ഓസ്‌ട്രേലിയില്‍ പരമ്പര നേട്ടത്തില്‍ പന്തിന് നിര്‍ണായക പങ്കുണ്ട്. ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന പരമ്പരയിലും പന്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
പന്തിനെ ആദ്യമായി ടീമിലേക്ക് വിളിക്കുമ്പോഴുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പങ്കുവെക്കുകയാണ് മുന്‍ സെലക്റ്റര്‍ എം എസ് കെ പ്രസാദ്. പന്തിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ വലിയ കോലാഹലമുണ്ടായെന്നാണ് പ്രസാദ് പറയുന്നത്. ''പന്ത് ഇത്രത്തോളം മികവ് പുറത്തെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. സെലക്ഷന്‍ സമയത്ത് പന്തിന് വെല്ലുവിളി നല്‍കുന്ന വിക്കറ്റുകളില്‍ വിക്കറ്റ് കാക്കാനാവില്ലെന്നും പലരും പറഞ്ഞു. മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്നും അഭിപ്രായമുണ്ടായി.
എന്നാല്‍ എല്ലാത്തിനുമുള്ള മറുപടിയായിരുന്നു പന്തിന്റെ പ്രകടനം. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും വെല്ലുവിളി നിറഞ്ഞ പിച്ചില്‍ പന്ത് എങ്ങനെയാണ് കളിച്ചതെന്ന് നോക്കൂ. ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന പരമ്പരയില്‍ കുത്തിത്തിരിയുന്ന പിച്ചുകള്‍ അദ്ദേഹം നന്നായി കീപ്പ് ചെയ്തു. മികച്ച താരങ്ങളെ തിരിച്ചറിയുന്നതിലാണ് ഒരു സെലക്ടറുടെ കഴിവ്.''
വിദേശ പരമ്പരകളില്‍ സാഹക്ക് പകരം പന്തിനെ കളിപ്പിക്കുന്നതിനോടായിരുന്നു സെലക്ടര്‍മാര്‍ക്ക് താല്പര്യമെന്നും ഈ നീക്കം ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും പ്രസാദ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!