ഐപിഎല്ലിലെ നാണംകെട്ട തോല്‍വികൾക്ക് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി റിഷഭ് പന്ത്, ലക്നൗ നായകസ്ഥാനം ഒഴിഞ്ഞു

Published : May 29, 2026, 05:57 PM IST
Rishabh Pant

Synopsis

നായകസ്ഥാനം ഒഴിയാന്‍ റിഷഭ് പന്ത് സ്വയം സന്നദ്ധനാവുകയായിരുന്നുവെന്ന് ലക്നൗ ടീം ഡയറക്ടർ ടോം മൂഡി വ്യക്തമാക്കി.

ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പർ ജയന്‍റസിന്‍റെ നായകസ്ഥാനം ഒഴിഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. ഐപിഎല്ലില്‍ ലക്നൗ 14 മത്സരങ്ങളില്‍ നാലു ജയം മാത്രം നേടി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെയാണ് റിഷഭ് പന്ത് നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. സ്ഥാനമൊഴിയാനുള്ള റിഷഭ് പന്തിന്‍റെ അഭ്യർത്ഥന ലക്നൗ ടീം മാനേജ്മെന്‍ര് ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ലക്നൗ മാനേജ്‌മെന്‍റ് റിഷഭ് പന്ത് നായകസ്ഥാനം ഒഴിഞ്ഞ കാര്യം അറിയിച്ചത്.

നായകസ്ഥാനം ഒഴിയാന്‍ റിഷഭ് പന്ത് സ്വയം സന്നദ്ധനാവുകയായിരുന്നുവെന്ന് ലക്നൗ ടീം ഡയറക്ടർ ടോം മൂഡി വ്യക്തമാക്കി. ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള നിര്‍ദേശവുമായി റിഷഭ് പന്ത് ഫ്രാഞ്ചൈസിയെ സമീപിക്കുകയായിരുന്നു, ഞങ്ങൾ അത് പൂർണ്ണ ആദരവോടെ സ്വീകരിച്ചു. ഇത്തരം തീരുമാനങ്ങൾ എടുക്കുക ഒട്ടും എളുപ്പമല്ല. ക്യാപ്റ്റനെന്ന നിലയിൽ ലക്നൗ ഡ്രെസ്സിങ് റൂമിലേക്ക് പന്ത് കൊണ്ടുവന്ന എല്ലാ ഊർജ്ജത്തിനും സംഭാവനകൾക്കും ഞങ്ങൾ നന്ദി പറയുന്നു. ടീമിനെ വീണ്ടും കെട്ടിപ്പടുക്കുന്നതിലാണ് ഇനി ഞങ്ങളുടെ ശ്രദ്ധ- ടോം മൂഡി പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസിൽ നീണ്ട എട്ട് സീസണുകൾ പൂർത്തിയാക്കിയ ശേഷമാണ് റിഷഭ് പന്ത് ലക്നൗവിലേക്ക് എത്തിയത്. 2025 മെഗാ ലേലത്തിൽ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്കാണ് ലക്നൗ സൂപ്പർ ജയന്‍റ്സ് പന്തിനെ സ്വന്തമാക്കിയതും ക്യാപ്റ്റൻസി ഏൽപ്പിച്ചതും. എന്നാൽ നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും പന്തിന് ലക്നൗവിൽ കാര്യമായി തിളങ്ങാനായില്ല.

കഴിഞ്ഞ സീസണില്‍ ഒരു സെഞ്ച്വറി (118*) നേടിയെങ്കിലും സീസണിലാകെ പന്ത് വെറും 269 റൺസ് മാത്രമായിരുന്നു നേടിയത്. ടീം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ ബാറ്റിങ്ങിൽ 13 ഇന്നിങ്സുകളിൽ നിന്ന് 312 റൺസ് നേടിയെങ്കിലും ടീമിനെ വിജയകരമായി നയിക്കുന്നതിൽ റിഷഭ് പന്ത് വീണ്ടും പരാജയപ്പെട്ടു. 14 കളികളില്‍ 10 തോൽവികളുമായി ടീം അവസാന സ്ഥാനത്തായി. ആദ്യ മൂന്ന് സീസണുകളിൽ കെ.എൽ രാഹുലിന് കീഴിൽ രണ്ട് തവണ പ്ലേ-ഓഫിൽ എത്തിയ ടീമായിരുന്നു ലക്നൗ. എന്നാൽ ടീമിനെ റീസെറ്റ് ചെയ്യാൻ വലിയ തുകയ്ക്ക് പന്തിനെ എത്തിച്ചെങ്കിലും ആ പരീക്ഷണം രണ്ട് വർഷം കൊണ്ട് വലിയ പരാജയമായി അവസാനിക്കുകയായിരുന്നു.

പന്ത് സ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകനെ കണ്ടെത്തുക എന്നത് ലക്നൗവിന് വലിയ വെല്ലുവിളിയാണ്. എന്നാൽ നായകസ്ഥാനം ഏറ്റെടുക്കാൻ കെൽപ്പുള്ള മൂന്ന് പരിചയസമ്പന്നരായ വിദേശ താരങ്ങൾ നിലവിൽ ടീമിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ നായകനായ എയ്ഡൻ മാർക്രത്തിനാണ് സാധ്യത കൂടുതല്‍. ലക്നൗ ടീമിന്‍റെ സഹ ഫ്രാഞ്ചൈസിയായ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ടീമായ ഡർബൻ സൂപ്പർ ജയന്‍റ്സിനെയും ദ ഹൺഡ്രഡിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനെയും മാര്‍ക്രമാണ് നയിക്കുന്നത്.

 

ഓസ്ട്രേലിയന്‍ ടീം നായകനായ മിച്ചല്‍ മാര്‍ഷാണ് ലക്നൗവിന്‍റെ പരിഗണനയിലുള്ള മറ്റൊരു താരം. ഈ സീസണില്‍ മോശം ഫോമിലായിരുന്നെങ്കിലും നിക്കോളാസ് പുരാനെയും നായക സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. കഴിഞ്ഞ വർഷം മേജർ ലീഗ് ക്രിക്കറ്റിൽ എംഐ ന്യൂയോർക്കിനെ പുരാന്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു. അടുത്ത സീസണിലും റിഷഭ് പന്ത് ടീമിൽ തുടരുമോ അതോ മെഗാ ലേലത്തിലേക്ക് പോകുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

30 ലക്ഷത്തില്‍ തുടങ്ങി, ഒടുവില്‍ 1.10 കോടിക്ക് രാജസ്ഥാൻ അടിച്ച ബംപര്‍ ലോട്ടറി, വീണ്ടും വൈറലായി വൈഭവ് സൂര്യവംശിയുടെ ലേലം വിളി വീഡിയോ
മുംബൈ ഇന്ത്യന്‍സ് വിടാന്‍ ഹാര്‍ദിക് പാണ്ഡ്യ; മാനസികമായി തളര്‍ന്നു, ടീം മാനേജ്‌മെന്റിനെ തീരുമാനം അറിയിച്ചു