
മുംബൈ: ട്വന്റി 20 ലോകകപ്പ് പ്രതിരോധിക്കാന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ആശങ്ക നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോം ആണ്. ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററായിരുന്ന സൂര്യകുമാര്‍ ഒരു വര്‍ഷത്തിലധികമായി നിറം മങ്ങിയാണ് തുടരുന്നത്. സൂര്യകുമാര്‍ റണ്‍സ് കണ്ടെത്താതെ തുടരുന്നത് ഇന്ത്യയുടെ ബാറ്റിങ് നിരയെ മുഴുവന്‍ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് രോഹിത് ശര്‍മ. ബാറ്റിങ് യൂണിറ്റിനെ സമ്മര്‍ദത്തിലാക്കാതിരിക്കാന്‍ എല്ലാവരും മികവ് പുലര്‍ത്തേണ്ടതുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
'ക്യാപ്റ്റന്‍ ഫോമിലേക്ക് മടങ്ങിയെത്തുമോ ഇല്ലയോ എന്നതല്ല. നമ്മുടെ പ്രധാന ശക്തികളിലൊന്ന് ബാറ്റിങ് നിര തന്നെയാണെന്നതില്‍ സംശയമില്ല. ഒരു താരം ഫോമിലല്ല എന്ന് പരിഗണിക്കുക. നമുക്ക് ഏഴ് അല്ലെങ്കില്‍ എട്ട് ബാറ്റര്‍മാരുണ്ട്. ഒരാള്‍ മികവ് പുലര്‍ത്തുന്നില്ലെങ്കില്‍ ബാറ്റിങ് നിരയുടെ ശക്തി കുറയുന്നതിന് സമാനമാകും കാര്യങ്ങള്‍. സൂര്യ നന്നായി കളിക്കുന്നില്ലെങ്കില്‍ അത് ബാറ്റിങ് നിരയെ മുഴുവന്‍ ബാധിക്കും,' സ്റ്റാര്‍ സ്‌പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് വ്യക്തമാക്കി.
ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് മുന്‍പ് ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയായിരുന്നു സൂര്യകുമാര്‍ നല്‍കിയത്. 'ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. എന്റെ പ്രധാന ഉത്തരവാദിത്തം ടീമാണ്. നല്ല നിലയിലാണോ കാര്യങ്ങള്‍, ടീം വിജയിക്കുന്നുണ്ടോ, ഇവയൊക്കെ നോക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. വിജയങ്ങളില്‍ എന്റെ സംഭാവനയുണ്ടെങ്കില്‍ സന്തോഷം, ഇല്ലെങ്കിലും കുഴപ്പമില്ല,' സൂര്യകുമാര്‍ പറഞ്ഞു.
ഫോമിന്റെ കാര്യത്തില്‍ സൂര്യക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചില്ലെങ്കിലും നായകമികവില്‍ താരത്തിന് പൂര്‍ണ പിന്തുണയാണ് രോഹിത് നല്‍കിയത്.
'കളിയെക്കുറിച്ച് ധാരണയുള്ളയാളാണ് സൂര്യ. താരങ്ങളുടെ കാര്യത്തിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. അവരുടെ ഏറ്റവും മികച്ച പ്രകടനം എങ്ങനെ പുറത്തെടുപ്പിക്കണമെന്നതില്‍ സൂര്യക്ക് വ്യക്തതയുണ്ട്,' രോഹിത് പറഞ്ഞു.
ട്വന്റി 20യില്‍ രോഹിത് ശര്‍മ വിരമിച്ചതിന് ശേഷമായിരുന്നു സൂര്യകുമാറിനെ ഇന്ത്യന്‍ നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്. പത്തിലധികം മത്സരങ്ങള്‍ നയിച്ചവരുടെ പട്ടികയെടുത്താല്‍ ഇന്ത്യയുടെ ട്വന്റി 20 ചരിത്രമെടുത്താല്‍ ഏറ്റവും മികച്ച വിജയശതമാനമുള്ളതും സൂര്യക്കാണ്. 38 മത്സരങ്ങളാണ് സൂര്യക്ക് കീഴില്‍ ഇന്ത്യ കളിച്ചത്. 28 എണ്ണം വിജയിച്ചപ്പോള്‍ ആറ് തോല്‍വിയും വഴങ്ങി. രണ്ട് വീതം കളികള്‍ സമനിലയാകുകയും മത്സരഫലമില്ലാതെ പോകുകയും ചെയ്തു. സൂര്യയുടെ കീഴില്‍ ഇന്ത്യയുടെ വിജയശതമാനം 80 ആണ്. സൂര്യക്ക് പിന്നിലായി രോഹിത് തന്നെയാണ്, വിജയശതമാനം 79. ശേഷം ഹാര്‍ദിക്ക് പാണ്ഡ്യ, വിരാട് കോലി, എം എസ് ധോണി എന്നിവരാണ് യഥാക്രമം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!