
മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (എംസിഎ) അറിയിച്ചു. ഇന്ത്യയുടെ ഏകദിന ടീമില്‍ കളിക്കണമെങ്കില്‍ ആദ്യന്തര ക്രിക്കറ്റില്‍ സജീവമാകണമെന്ന് ബിസിസിഐ അറിയിച്ചതിനെ തുടര്‍ന്നാണ് രോഹിത് സമ്മതം മൂളിയത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാര്‍ സജീവമാകേണ്ടതിന്റെ കുറിച്ച് സംസാരിച്ചിരുന്നു. ഡിസംബര്‍ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ രോഹിത് മുംബൈക്ക് വേണ്ടി കളിക്കും. അതിന് മുമ്പ് ഡിസംബര്‍ 3 മുതല്‍ 9 വരെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും രോഹിത് ഉണ്ടാവും.
ശേഷം ജനുവരി 11 മുതല്‍ ന്യൂസിലന്‍ഡിനെതിരായ മറ്റൊരു ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും. ഈ രണ്ട് പരമ്പരയ്ക്കും ഇടയിലാണ് വിജയ് ഹസാരെ ട്രോഫി കളിക്കേണ്ടി വരിക. മുംബൈയിലെ ശരദ് പവാര്‍ ഇന്‍ഡോര്‍ അക്കാദമിയിലാണ് അദ്ദേഹം പരിശീലനം നടത്തുന്നത്. മാത്രമല്ല നവംബര്‍ 26ന് ആരംഭിക്കാന്‍ പോകുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനും രോഹിത് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം, കോലിയുടെ ലഭ്യതയെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. ലണ്ടനില്‍ താമസിക്കുന്ന കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കുമെന്ന് തന്നെയാണ് ബിസിസിഐയുടെ പ്രതീക്ഷ.
കഴിഞ്ഞ മാസം ഓസ്ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയിലാണ് കോലിയും രോഹിത്തും അവസാനമായി കളിച്ചത്. അവസാന മത്സരത്തില്‍ ഇരുവരുടേയും കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും രോഹിത് മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടി. കോലി രണ്ട് തവണ പൂജ്യത്തിന് പുറത്തായെങ്കിലും അവസാന മത്സത്തില്‍ പുറത്താവാതെ 74 റണ്‍സ് നേടി. ഇരുവരും ടെസ്റ്റ്-ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിന മത്സരങ്ങളില്‍ തുടരുന്നുണ്ട്.
ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ... ''ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും ഇരുവരെയും അറിയിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതിനാല്‍, കായികക്ഷമത കൈവരിക്കാന്‍ അവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം.'' 2024ലെ ലോകകപ്പിന് ശേഷം രോഹിതും കോ്ലിയും ടി20യില്‍ നിന്ന് വിരമിച്ചിരുന്നു. 2024-25ലെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ടെസ്റ്റ് കരിയറും അവസാനിപ്പിച്ചു.
കഴിഞ്ഞ സീസണില്‍ രോഹിതും കോഹ്ലിയും ഓരോ രഞ്ജി ട്രോഫി മത്സരം വീതം കളിച്ചിരുന്നു. ജനുവരിയില്‍, കോലി 12 വര്‍ഷത്തിന് ശേഷം ഡല്‍ഹിക്ക് വേണ്ടിയും രോഹിത് 10 വര്‍ഷത്തിന് ശേഷം മുംബൈക്ക് വേണ്ടിയും കളിച്ചു.