
ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് ഫീൽഡിംഗിനിടെയേറ്റ പരിക്കിൽ ആരാധകര്‍ ആശങ്കയിൽ. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഗുജറാത്തിന്റെ ഇന്നിംഗ്സിനിടെ 12-ാം ഓവറിലായിരുന്നു സംഭവം.
ക്രുനാൽ പാണ്ഡ്യ എറിഞ്ഞ 12-ാം ഓവറിന്റെ അഞ്ചാം പന്തിൽ സായ് സുദര്‍ശൻ സ്വീപ് ഷോട്ടിന് ശ്രമിച്ചു. അതിവേഗത്തിലെത്തിയ പന്ത് ഡീപ് മിഡ് വിക്കറ്റിൽ നിലയുറപ്പിച്ച കോലിയുടെ മുന്നിലാണ് വീണത്. എന്നാൽ, തടയാൻ ശ്രമിച്ച കോലിയുടെ വലത് കൈയിൽ തട്ടിത്തെറിച്ച പന്ത് ബൗണ്ടറി കടന്നു. പന്ത് കയ്യിൽ തട്ടിയതിന് പിന്നാലെ വേദന കൊണ്ട് പുളഞ്ഞ കോലി മൈതാനത്ത് മുട്ടുകുത്തി ഇരിക്കുന്നത് കാണാമായിരുന്നു. ഉടൻ തന്നെ ടീം ഫിസിയോ എത്തി കോലിയ്ക്ക് ആവശ്യമായ ചികിത്സ നൽകി.
ഇപ്പോൾ ഇതാ, വിരാട് കോലിയുടെ പരിക്കിനെ കുറിച്ചുള്ള ആരാധകരുടെ ആശങ്കകൾക്ക് മറുപടി നൽകിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കോച്ച് ആന്‍ഡി ഫ്ലവര്‍. കോലിയുടെ പരിക്കിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ആൻഡി ഫ്ലവര്‍ മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സീസണിലെ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ആര്‍സിബി ഇറങ്ങിയത്. എന്നാൽ, വിരാട് കോലി തുടക്കത്തിൽ തന്നെ നിരാശപ്പെടുത്തി. അര്‍ഷാദ് ഖാന്‍റെ പന്തിൽ കോലി പുറത്തായി. 7 റൺസ് മാത്രമാണ് കോലിയ്ക്ക് നേടാനായത്. ഒരു ഘട്ടത്തിൽ 42ന് 4 എന്ന നിലയിൽ തകര്‍ന്ന ആര്‍സിബിയെ ലിയാം ലിവിംഗ്സ്റ്റണും (54) ജിതേഷ് ശര്‍മ്മയും (33) ടിം ഡേവിഡും (32) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം 8ന് 169 റൺസ് എന്ന പൊരുതാൻ കഴിയുന്ന സ്കോറിലെത്തിച്ചു.
170 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ഗുജറാത്ത് ബാറ്റര്‍മാരെ ഒരു ഘട്ടത്തിൽ പോലും ഭയപ്പെടുത്താൻ ആര്‍സിബിയ്ക്ക് സാധിച്ചില്ല. സായ് സുദര്‍ശൻ 49 റണ്‍സ് നേടി. ജോസ് ബട്ലര്‍ 73 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഷെര്‍ഫേൻ റൂഥര്‍ഫോര്‍ഡ് 30 റൺസുമായി ബട്ലര്‍ക്ക് മികച്ച പിന്തുണ നൽകി. തകര്‍പ്പൻ ജയത്തോടെ ഗുജറാത്ത് നാലാം സ്ഥാനത്തെത്തി. എന്നാൽ, സീസണിലെ ആദ്യ തോൽവി വഴങ്ങിയ ആര്‍സിബി ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേയ്ക്ക് വീണു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!