
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൂറ്റന്‍ സ്‌കോര്‍ ശീലമാക്കിയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. തപ്പിത്തടയുന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. രജത് പടിധാറും സംഘവും ഹോം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍മ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് മറ്റൊരു റണ്‍വിരുന്ന്. നാല് കളിയിലും 200 റണ്‍സിലേറെ നേടിയ ആര്‍സിബി സീസണിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് യൂണിറ്റായിക്കഴിഞ്ഞു.
വിരാട് കോലി (162 റണ്‍സ്), ഫില്‍ സാള്‍ട്ട് (178), രജത് പടിധാര്‍ (214), ടിം ഡേവിഡ് (221), ദേവ്ദത്ത് പടിക്കല്‍ (201) എന്നിങ്ങനെയാണ് താരങ്ങളുടെ റണ്‍സുകള്‍. ഒന്നോരണ്ടോ ബാറ്റര്‍മാരെ ആശ്രയിച്ചല്ല, ഒത്തുപിടിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരുടെ മുന്നേറ്റം. അഞ്ചുപേര്‍ ചേര്‍ന്ന് ഇതുവരെ നേടിയത് 52 സിക്‌സര്‍. മുഹമ്മദ് ഷമി നയിക്കുന്ന ലക്‌നൗ ബൗളിംഗ് നിരയെകാത്തിരിക്കുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെ. ബാറ്റര്‍മാരെ കൈയയച്ച് സഹായിക്കുന്ന ചിന്നസ്വാമിയിലെ വിക്കറ്റില്‍ കോലി നയിക്കുന്ന ബാറ്റിംഗ് സംഘത്തെ പിടിച്ചുകെട്ടാന്‍ ലക്‌നൗ പതിനെട്ടടവും പുറത്ത് എടുക്കേണ്ടിവരും.
റണ്ണടിക്കാന്‍ മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, റിഷഭ് പന്ത്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, അബ്ദുല്‍ സമദ് എന്നിവരുണ്ടെങ്കിലും ഇതുവരെ സ്ഥിരതയോടെ കളിക്കാനായിട്ടില്ല. ജേക്കബ് ഡഫിയുടേയും ഭുവനേശ്വര്‍ കുമാറിന്റെയും ക്രുനാല്‍ പാണ്ഡ്യയുടേയും സുയാഷ് ശര്‍മ്മയുടേയും ബൗളിംഗ് വൈവിധ്യത്തെ മറികടക്കുകയും വലിയ വെല്ലുവിളി. പുത്തന്‍ താരോദയമായ മുകുള്‍ ചൗധരിയില്‍ ലക്‌നൗവിന് പ്രതീക്ഷയേറെ. ഇരുടീമും ഏറ്റുമുട്ടിയത് ആറ് കളിയില്‍. നാലില്‍ ആര്‍സിയും രണ്ടില്‍ ലക്‌നൗവും ജയിച്ചു. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം..
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ആയുഷ് ബദോനി, നിക്കോളാസ് പുരാന്‍, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, ജോര്‍ജ് ലിന്‍ഡെ/ആന്റിച്ച് നോര്‍ട്ട്‌ജെ, മുഹമ്മദ് ഷാമി, അവേഷ് ഖാന്‍/മൊഹ്സിന്‍ ഖാന്‍, ദിഗ്വേഷ് സിംഗ് രതി, പ്രിന്‍സ് യാദവ്/മയാങ്ക് യാദവ്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പടിധാര്‍, ടിം ഡേവിഡ്, ജിതേഷ് ശര്‍മ, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം, ജേക്കബ് ഡഫി/ജോഷ് ഹാസില്‍വുഡ്, സുയാഷ് ശര്‍മ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!