SA vs IND 2nd ODI:വീണ്ടും പൂജ്യത്തിന് പുറത്ത്, നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ആശാനെയും പിന്നിലാക്കി കോലി

By Web TeamFirst Published Jan 21, 2022, 3:49 PM IST
Highlights

ശിഖര്‍ ധവാന്‍ പുറത്തായതിന് തൊട്ടുപിന്നാലെ അലസമായൊരു ഷോട്ട് കളിച്ച് കോലി പുറത്തായത് ആരാധകരെയും ഞെട്ടിച്ചു. ഏകദിന കരിയറില്‍ ഇത് പതിനാലാം തവണയാണ് വിരാട് കോലി പൂജ്യത്തിന് പുറത്താവുന്നത്.

പാള്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായ മുന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli) നാണക്കേടിന്‍റെ റെക്കോര്‍ഡ്. കേശവ് മഹാരാജിന്‍റെ (Keshav Maharaj) പന്ത് നേരെ കവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയുടെ(Temba Bavuma) കൈകളിലേക്ക് അടിച്ചുകൊടുത്താണ് കോലി മടങ്ങിയത്.

ശിഖര്‍ ധവാന്‍(Shikhar Dhawan,) പുറത്തായതിന് തൊട്ടുപിന്നാലെ അലസമായൊരു ഷോട്ട് കളിച്ച് കോലി പുറത്തായത് ആരാധകരെയും ഞെട്ടിച്ചു. ഏകദിന കരിയറില്‍ ഇത് പതിനാലാം തവണയാണ് വിരാട് കോലി പൂജ്യത്തിന് പുറത്താവുന്നത്. ഏകദിന കരിയറില്‍ ഒരു സ്പിന്നറുടെ പന്തില്‍ കോലി പൂജ്യത്തിന് പുറത്താവുന്നതാകട്ടെ ആദ്യ തവണയും.

ഇന്ന് പൂജ്യത്തിന് പുറത്തായതോടെ ഏകദിന ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താവുന്ന കാര്യത്തില്‍ മുന്‍നായകനും ഇന്ത്യന്‍ ടീമിന്‍റെ ഇപ്പോഴത്തെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്‍റെയും മുന്‍ നായകന്‍ കപില്‍ ദേവിന്‍റെയും പേരിലുണ്ടായിരുന്ന നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇപ്പോള്‍ കോലിയുടെ പേരിലായി. ദ്രാവിഡും കപിലും 13 തവണയാണ് ഏകദിനങ്ങളില്‍ പൂജ്യത്തിന് പുറത്തായത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവുു കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 20 തവണയാണ് സച്ചിന്‍ പൂജ്യത്തിന് പുറത്തായത്. ജവഗല്‍ ശ്രീനാഥ്(19), അനില്‍ കുംബ്ലെ(18), യുവരാജ് സിംഗ്(18), ഹര്‍ഭജന്‍ സിംഗ്(17), സൗരവ് ഗാംഗുലി(16), സഹീര്‍ ഖാന്‍(14) എന്നിവരാണ് പൂജ്യത്തിന്‍റെ കാര്യത്തില്‍ കോലിക്ക് മുന്നിലുള്ളവര്‍.

ഇന്ന് പൂജ്യത്തിന് പുറത്തായതോടെ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറിയില്ലാതെ 64 ഇന്നിംഗ്സുകള്‍ കോലി പിന്നിട്ടു കഴിഞ്ഞു. ഇതില്‍ ഏഴ് തവണയും പൂജ്യത്തിന് പുറത്തായിയെന്നതും ശ്രദ്ധേയമാണ്. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചശേഷം ആദ്യ ഏകദിനത്തിനിറങ്ങിയ കോലി അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു.

click me!