India Test Captain : ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മ്മ വരട്ടെ; കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പീറ്റേഴ്‌സണ്‍

By Web TeamFirst Published Jan 21, 2022, 2:38 PM IST
Highlights

കോലി നായകസ്ഥാനം ഒഴിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കടുത്ത ബയോ-ബബിളാണ് എന്ന് കെ പി

മുംബൈ: ഇന്ത്യന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് നായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma) തന്നെ വിരാട് കോലിയുടെ (Virat Kohli) പിന്‍ഗാമിയായി ടെസ്റ്റ് ക്യാപ്റ്റനാവട്ടെയെന്ന് ഇംഗ്ലീഷ് മുന്‍താരം കെവിന്‍ പീറ്റേഴ്‌സണ്‍ (Kevin Pietersen). ഗംഭീര ക്യാപ്റ്റന്‍ എന്ന് വാഴ്‌ത്തിയാണ് ഹിറ്റ്‌മാനെ (Hitman) ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് ഉചിതന്‍ എന്ന് പീറ്റേഴ്‌സണ്‍ വിശേഷിപ്പിക്കുന്നത്. കോലി നായകസ്ഥാനം ഒഴിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കടുത്ത ബയോ-ബബിളാണ് എന്ന് കെ പി നിരീക്ഷിക്കുന്നു. 

'ക്യാപ്റ്റനായി നിരവധി ഓപ്‌ണനുകളുണ്ട് എന്നത് ഇന്ത്യന്‍ ടീമിന്‍റെ ഭാഗ്യമാണ്. ടെസ്റ്റ് നായക സ്ഥാനത്തേക്ക് ഞാന്‍ രോഹിത് ശര്‍മ്മയുടെ പേരാണ് പറയുക. അദേഹമൊരു മഹത്തായ ക്യാപ്റ്റനാണ്. ക്യാപ്റ്റനെന്ന നിലയിലുള്ള അദേഹത്തിന്‍റെ ആഹ്വാനങ്ങള്‍ ഇഷ്‌ടപ്പെടുന്നു. മികച്ച തീരുമാനങ്ങളെടുക്കുന്ന രോഹിത്തിനെ മുംബൈ ഇന്ത്യന്‍സില്‍ കണ്ടിട്ടുണ്ട്. ഒരുപാട് കിരീടങ്ങള്‍ മുംബൈയില്‍ നേടി. യുവതാരങ്ങള്‍ക്കൊപ്പമോ സീനിയര്‍ താരങ്ങള്‍ക്കൊപ്പമോ രാഹുല്‍ ദ്രാവിഡ് പ്രവര്‍ത്തിക്കുക എന്നത് ആകാംക്ഷ സൃഷ്‌ടിക്കുന്നു' എന്നും പീറ്റേഴ്‌സണ്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

ബയോ-ബബിളില്‍ ജീവിക്കുക ഏത് അത്‌ലറ്റിനും പ്രയാസമാണ്. എന്‍റ‌ര്‍ടെയ്‌നറായ വിരാടിന്‍റെ കരിയറില്‍ നിന്ന് കുറച്ച് വര്‍ഷങ്ങള്‍ ബയോ-ബബിള്‍ കവര്‍ന്നേക്കാം. കാണികളില്ലാതെ കളിക്കുക പ്രയാസമാണ്. നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം അമ്പരപ്പിക്കുന്നില്ല എന്നും കെ പി കൂട്ടിച്ചേര്‍ത്തു.  

വലിയ ക്യാപ്റ്റന്‍സി മാറ്റത്തിനാണ് അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത്. ലോകകപ്പിന് പിന്നാലെ ടി20 നായകപദവിയൊഴിഞ്ഞ വിരാട് കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിലായിരുന്നു തുടക്കം. ഇതോടെ രോഹിത് ശര്‍മ്മ വൈറ്റ് ബോള്‍ നായകനായി. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തു വിരാട് കോലി.  

SA vs IND : രാഹുലും കോലിയും രണ്ടുതട്ടില്‍; ടീം ഇന്ത്യയില്‍ രണ്ട് ഗ്രൂപ്പുകളെന്ന ആരോപണവുമായി കനേറിയ

click me!