SA vs IND : ഇതാണ് കളിയെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരമ്പര തൂത്തുവാരും; മുന്‍ താരത്തിന്റെ പ്രവചനം

By Web TeamFirst Published Dec 31, 2021, 11:12 PM IST
Highlights

കെ എല്‍ രാഹുല്‍ (KL Rahul) സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മുഹമ്മദ് ഷമിയും (Mohammed Shami) ജസ്പ്രിത് ബുമ്രയും കാര്യങ്ങള്‍ എളുപ്പമാക്കി. ജനുവരി മൂന്നിന് ജൊഹന്നാസ്ബര്‍ഗിലാണ് രണ്ടാം ടെസ്റ്റ്.

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) ആദ്യ ടെസ്റ്റില്‍ ആധികാരികമായിരുന്നു ഇന്ത്യയുടെ ജയം. സെഞ്ചൂറിയനില്‍ 113 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. കെ എല്‍ രാഹുല്‍ (KL Rahul) സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മുഹമ്മദ് ഷമിയും (Mohammed Shami) ജസ്പ്രിത് ബുമ്രയും കാര്യങ്ങള്‍ എളുപ്പമാക്കി. ജനുവരി മൂന്നിന് ജൊഹന്നാസ്ബര്‍ഗിലാണ് രണ്ടാം ടെസ്റ്റ്. മൂന്നിന് രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശരണ്‍ദീപ് സിംഗ്. 

ഇത്തരത്തിലാണ് പോക്കെങ്കില്‍ ഇന്ത്യ പരമ്പര തൂത്തുവാരുമെന്നാണ് ശരണ്‍ ദീപ് പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര അത്ര മികച്ചതായി തോന്നുന്നില്ല. ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക് എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനുള്ള കഴിവുള്ളൂ. പക്ഷേ മൂവര്‍ക്കും സമ്മദ്ദമായാല്‍ പിടിച്ചുനില്‍ക്കുക പ്രയാസമാണ്. കാരണം ഇന്ത്യയുടെ ബൗളിംഗ് നിര അത്രത്തോളം ശക്തമാണ്. ബൗളര്‍മാരെ കോലി കൈകാര്യം ചെയ്ത രീതി എടുത്തുപറയേണ്ടതാണ്. മുഹമ്മദ് സിറാജ് എന്നെ ആശ്ചര്യപ്പെടുത്തി. 

പരിശീലകനെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ വിജയം സ്വന്തമാക്കിയ രാഹുല്‍ ദ്രാവിഡും അഭിന്ദനമര്‍ഹിക്കുന്നു. ദക്ഷിണാഫ്രിക്കയെ അവവരുടെ മണ്ണില്‍ തോല്‍പ്പിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്ര മുഹൂര്‍ത്തമാണിത്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പരമ്പര തൂത്തുവാരും. മഴയെ തുടര്‍ന്നാണ് സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റ് അഞ്ചാംദിനത്തിലേക്കു നീണ്ടത്. അല്ലായിരുന്നെങ്കില്‍ മൂന്നോ, നാലോ ദിവസത്തിനുള്ളില്‍ തന്നെ ടെസ്റ്റ് അവസാനിക്കേണ്ടതായിരുന്നു.'' മുന്‍ ഇന്ത്യന്‍ താരം പറഞ്ഞുനിര്‍ത്തി.

ഇപ്പോഴത്തെ ടീം സെലക്ഷന്‍ പാനലില്‍ അംഗമാണ് ശരണ്‍ദീപ് സിംഗ്. ഇന്ത്യക്കായി അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളും കളിച്ചു.

click me!