
മുംബൈ: ബിസിസിഐയുടെ അടുത്ത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മാനേജ്മെന്‍റ് ടീം. റോജര്‍ ബിന്നി സ്ഥാനമൊഴിഞ്ഞ ഒഴിവില്‍ ഈ മാസം അവസാനം നടക്കുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ സച്ചിനെ അടുത്ത ബിസിസഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കുമെന്നായിരുന്നു ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് സച്ചിനുമായി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ ലണ്ടനില്‍ വെച്ച് ബിസിസിഐ ഉന്നതര്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മാനേജ്മെന്‍റ് ടീം സച്ചിനുവേണ്ടി പ്രതികരിച്ചു.
ബിസിസിഐയുടെ അടുത്ത പ്രസിഡന്‍റായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ തെരഞ്ഞെടുക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം അടിസ്ഥാനരഹിതവും വെറും അഭ്യൂഹങ്ങളും മാത്രമാണെന്ന് അറിയിക്കാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നു. അത്തരമൊരു നീക്കം നടന്നിട്ടില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ പ്രചരിക്കുന്നത് വെറും കേട്ടുകേള്‍വിയും അഭ്യൂഹങ്ങളും മാത്രമാണെന്നും മാനേജ്മെന്‍റ് ടീം വ്യക്തമാക്കി.
ഈ മാസം 28ന് നടക്കുന്ന ബിസിസിഐയുടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക. നിലവിലെ പ്രസിഡന്‍റായിരുന്ന റോജര്‍ ബിന്നി 70 വയസെന്ന പ്രായപരിധി പിന്നിട്ടതോടെയാണ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. സച്ചിന്‍റെ സഹതാരമായിരുന്ന സൗരവ് ഗാംഗുലി 2019-22 കാലയളവില്‍ ബിസിസിഐ പ്രസിഡന്‍റായിരുന്നു. 2022ലാണ് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായി 1983ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോ കൂടിയായ റോജര്‍ ബിന്നി ബിസിസിഐയുടെ പ്രസിഡന്‍റായത്. പ്രസിഡന്‍റിന് പുറമെ വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറര്‍, ഐപിഎല്‍ ചെയര്‍മാന്‍ എന്നീ പദവികളിലേക്കും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുപ്പ് നടക്കും.
ഗാംഗുലിയെയോ റോജര്‍ ബിന്നിയെയോ പോലെ ക്രിക്കറ്റ് ഭരണരംഗത്ത് ഇതിന് മുമ്പ് ചുമതലകളൊന്നും സച്ചിന്‍ വഹിച്ചിട്ടില്ല. വിരമിച്ചശേഷം മുംബൈ ഇന്ത്യൻസിന്‍റെ മെന്‍റര്‍ പദവി വഹിച്ചതും മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമിയുടെ ചുമതലയില്‍ ഇരുന്നതും മാത്രമാണ് സച്ചിന്‍റെ ഭരണപരമായ പരിചയം. പിന്നീട് ഐസിസി ടൂര്‍ണമെന്‍റുകളില്‍ അപൂര്‍വമായി കമന്‍റേറ്ററായും സച്ചിന്‍ എത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക