
ചെന്നൈ: ഇന്ത്യൻ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ ഓപ്പണര്‍ സദഗോപന്‍ രമേശ്. തനിക്കിഷ്ടമുള്ളവരെ മാത്രം പിന്തുണക്കുകയും ഇഷ്ടമില്ലാത്തവരെ അവഗണിച്ച് ഒഴിവാക്കുകയും ചെയ്യുന്നയാളാണ് ഗംഭീറെന്ന് സദഗോപന്‍ രമേശ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമനില നേടിയത് വലിയ നേട്ടമല്ലെന്നും സദഗോപന്‍ രമേശ് യുട്യൂബ് ചാനലില്‍ പറഞ്ഞു. തനിക്കിഷ്ടമുള്ള കളിക്കാരെ മാത്രം പിന്തുണക്കുക എന്നതാണ് ഗംഭീറിന്‍റെ രീതി. അല്ലാത്തവരെ അവഗണിച്ച് ഒഴിവാക്കും.
കഴിഞ്ഞ ഒരു വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമായതുകൊണ്ട് മാത്രമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേടിയ സമനിലയെ വലിയ നേട്ടമായി ആഘോഷിക്കുന്നത്. വിരാട് കോലി-രവി ശാസ്ത്രി യുഗത്തില്‍ വിദേശത്ത് ഇന്ത്യ ഇതിന് മുമ്പ് പരമ്പര നേടിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയാക്കിയതിനെയാണ് ഇപ്പോള്‍ വലിയ നേട്ടമായി ആഘോഷിക്കുന്നത്. അത് ഗംഭീര്‍ പരിശീലകനായശേഷമുള്ള വലിയ നേട്ടം മാത്രമാണിതെന്നും സദഗോപന്‍ രമേശ് പറഞ്ഞു.
ഗംഭീറിന്‍റെ കോച്ചിംഗ് കരിയറിലെ ഏറ്റവും വലിയ നേട്ടമായി പറയുന്നത് 2025ലെ ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയതാണ്. അതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രേയസ് അയ്യരെ ഗംഭീര്‍ ഏഷ്യാ കപ്പ് ടീമിലെടുത്തില്ല. അതുപോലെ ടീമിലെ എക്സ് ഫാക്ടര്‍ എന്ന് വിശേഷിപ്പിക്കാവുന്ന കളിക്കാരനാണ് യശസ്വി ജയ്സ്വാള്‍. അവനെയും ഏഷ്യാ കപ്പ് ടീമിലെടുത്തില്ല. മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കാവുന്ന താരമാണ് അവന്‍. അവനെ സ്റ്റാന്‍ഡ് ബൈ ആയി നിലനിര്‍ത്തിയത് വളരെ മോശം തീരുമാനമാണെന്നും സദഗോപന്‍ രമേശ് പറഞ്ഞു. ഈ വര്‍ഷം യുഎഇയില്‍ നടന്ന ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് സ്കോററായ ബാറ്ററാണ് ശ്രേയസ്. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയാണ് കോച്ച് ചെയ്യേണ്ടതെന്നും സദഗോപന്‍ രമേശ് പറഞ്ഞു.
ഇന്ത്യക്കായി 51 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ശ്രേയസ് അയ്യര്‍ 30.66 ശരാശരിയിലും 136.12 സ്ട്രൈക്ക് റേറ്റിലുമായി 1104 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ 2023 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ശ്രേയസ് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്. 2019ല്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകനായ ശ്രേയസ് അയ്യര്‍ 2020ല്‍ ടീമിനെ ഫൈനലിലെത്തിച്ചു. 2024ല്‍ ക്യാപ്റ്റനെന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം സമ്മാനിച്ചെങ്കിലും ടീം നിലനിര്‍ത്താത്തതിനെ തുടര്‍ന്ന് ശ്രേയസ് പഞ്ചാബ് കിംഗ്സിലേക്ക് ടീം മാറിയിരുന്നു. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ 13 വര്‍ഷത്തിനുശേഷം പഞ്ചാബിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ ഐപിഎല്ലില്‍17 മത്സരങ്ങളില്‍ 50.33 ശരാശരിയിലും 175.07 സ്ട്രൈക്ക് റേറ്റിലും 604 റണ്‍സ് നേടിയിരുന്നു. എന്നിട്ടും ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിലേക്ക പരിഗണിക്കാതിരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.