മുംബൈ ഇന്ത്യന്‍സിന്റെ വമ്പന്‍ താരനിരയോടൊപ്പം സജന സജീവനും; പ്രതീക്ഷകള്‍ പങ്കുവച്ച് താരം

Published : Nov 28, 2025, 08:42 PM IST
Sajana Sajeevan

Synopsis

വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും ടീമിലെത്തിച്ചതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് വയനാട്ടുകാരി സജന സജീവന്‍. 

വരുന്ന വനിതാ പ്രീമിയര്‍ ലീഗിലും വയനാട്ടുകാരി സജന സജീവന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം. 75 ലക്ഷത്തിനാണ് മുംബൈ സജനയെ ടീമിലെത്തിച്ചത്. കേരളത്തില്‍ നിന്ന് വനിതാ പ്രീമിയര്‍ ലീഗ് കളിക്കുന്ന മൂന്ന് താരങ്ങളില്‍ ഒരാളാണ് സജന. ആശ ശോഭനയെ യു പി വാരിയേഴ്‌സും മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കിയിരുന്നു. വീണ്ടും മുംബൈക്കൊപ്പം കളിക്കാന്‍ സാധിക്കുന്നതിലെ ആവേശത്തിലാണ് സജന. ഇന്ത്യന്‍ താരം കൂടിയായ സജന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി ആ സന്തോഷം പങ്കുവച്ചു.

വീണ്ടും മുംബൈ ഇന്ത്യന്‍സിലേക്ക്

മുന്‍ വര്‍ഷങ്ങളിലും ഞാന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കളിച്ചത്. മെഗാ താരലേലം ആയതുകൊണ്ട് തന്നെ ഏത് ടീമില്‍ കേറുമെന്നുള്ളൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും മുംബൈ തന്നെ വിളിച്ചെടുത്തതില്‍ അഭിമാനമുണ്ട്, സന്തോഷമുണ്ട്. വീണ്ടും മുംബൈ ഇന്ത്യന്‍സില്‍ കളിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. ആ ഫ്രാഞ്ചൈസി എങ്ങനെയാണ് താരങ്ങളെ കൊണ്ടു നടക്കുന്നത് എന്നുള്ളത് നേരിട്ടുള്ള ക്രിക്കറ്ററാണ് ഞാന്‍. ഏതെങ്കിലും ഒരു ടീമിന്റെ ഭാഗമാകണേ എന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. അത് മുംബൈയില്‍ ആയതില്‍ ഏറെ സന്തോഷം. ഞാന്‍ മുംബൈയുടേയും യു പി വാരിയേഴ്‌സിന്റേയും ട്രയല്‍സില്‍ മാത്രമാണ് പങ്കെടുത്തത്. അവര് മാത്രമാണ് എനിക്ക് വേണ്ടി ശ്രമിച്ചതും.

ലോകോത്തര താരങ്ങള്‍

വലിയ സ്‌ക്വാഡാണ് മുംബൈയുടേത്. കൂടുതല്‍ പരിചയസമ്പത് ഉള്ളവര്‍. അവര്‍ നമ്മളേക്കാള്‍ കൂടുതല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളവരാണ്. അവര്‍ക്കുള്ള സ്‌കില്‍ മറ്റൊന്നാണ്. എനിക്ക് മറ്റൊരു സ്‌കില്ലാണ് ഉണ്ടാവുക. അവരെയൊന്നും അനുകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ അവരില്‍ നിന്ന് കൂടുതല്‍ പഠിക്കാന്‍ സാധിക്കും. അവര്‍ സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ വരുന്ന സമയത്ത് എങ്ങനെ അതിനോട് പ്രതികരിക്കുന്നു. അവര്‍ പന്തെറിയുമ്പോള്‍ വിന്യസിക്കുന്ന ഫീല്‍ഡിംഗ് പൊസിഷന്‍, ഓരോ ബോളിനും വേണ്ടി അവരെടുക്കുന്ന തയ്യാറെടുപ്പ്... അത്തരത്തിലുള്ള കുറച്ച് കാര്യങ്ങളാണ് പഠിക്കാനുള്ളത്. അതുപോലെ സാഹചര്യങ്ങള്‍ നമുക്കും നേരിടേണ്ടി വരും. സ്‌ക്വാഡിലെ ഇന്റര്‍നാഷണല്‍ താരങ്ങളോട് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും ഇത്തരം കാര്യങ്ങളെ കുറിച്ചാണ്.

ഹര്‍മന്‍പ്രീത് കൗര്‍, ലോകകപ്പ് നേടിയ ക്യാപ്റ്റന്‍

ഞാന്‍ ക്രിക്കറ്റ് കളിച്ച തുടങ്ങിയ സമയത്ത്, എന്റെ റോള്‍ മോഡലായിരുന്നു ഹര്‍മന്‍ ദീ. ഞാന്‍ ആരാധിക്കുന് താരത്തിന് കീഴില്‍ ആദ്യ വനിതാ പ്രീമിയര്‍ ലീഗ് കളിക്കാന്‍ സാധിച്ചു. പിന്നീട് ഇന്ത്യന്‍ ടീമില്‍ ഞാന്‍ അരങ്ങേറ്റം കുറിക്കുമ്പോഴും ഹര്‍മന്‍ ദീ ആയിരുന്നു ക്യാപ്റ്റന്‍. അവരടിക്കുന്ന ഓരോ സിക്‌സറുകള്‍ കാണുമ്പോഴും ആരാധന തോന്നും. എനിക്കാം ആവാമെന്നുള്ള ആത്മവിശ്വാസം വരും. അവരടിക്കുന്ന ഷോട്ടുകള്‍ കണ്ടാണ് ഞാന്‍ എന്റെ ഹാര്‍ഡ് ഹിറ്റിംഗ് മെച്ചപ്പെടുത്തിയത്. അവര്‍ നമുക്ക് നല്‍കുന്ന പരിഗണനയും വലുതായിരുന്നു. അവര്‍ അങ്ങനെയാണ് നമ്മളെ കൊണ്ട് നടക്കുന്നത്. സൗഹൃദത്തോടെയുള്ള പെരുമാറ്റം. എന്ത് ചോദിച്ചാലും അതിനുള്ള ഉത്തരം തരാനുള്ള സമയം കണ്ടെത്തും. ആള് കൂളാണ്. ഗ്രൗണ്ടിനുള്ളില്‍ നമ്മള്‍ പുറത്തെടുക്കുന്ന എഫേര്‍ട്ടിന് എപ്പോഴും കയ്യടിക്കം. തെറ്റുകള്‍ പറ്റിയാല്‍ ആ സ്‌പോട്ടില്‍ ചീത്തയും പറയും.

ഏറ്റവും ഫ്രണ്ട്‌ലി

ഹര്‍മന്‍ ദീ തന്നെയാണ് ഏറ്റവും കൂടുതല്‍ ഫ്രണ്ട്‌ലി. യാസ്തിക ഭാട്ടിയയോടും ഒരു അടുപ്പമുണ്ട്. പിന്നെ എന്റെ റോള്‍ മോഡല്‍ കൂടെയുള്ളപ്പോള്‍, ഞാന്‍ അവരുടെ കൂടെ തന്നെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും. കിട്ടുന്ന സമയം ഒക്കെ അവരുടെ കൂടെ തന്നെ.

ഇന്ത്യയുടെ ലോകകപ്പ് നേട്ടം

ആ സമയത്ത് ഞങ്ങള്‍ നാഗാലാന്‍ഡില്‍ ഇന്റര്‍സോണ്‍ ടൂര്‍ണമെന്റ് കളിക്കുകയായിരുന്നു. ഞങ്ങള്‍, താരങ്ങളെല്ലാം ഒരുമിച്ചാണ് മത്സരം കണ്ടത്. ആ ലോകകപ്പ് നേട്ടത്തിന് ശേഷം വനിതാ ക്രിക്കറ്റ് ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന സംഭവമായിമാറി. അതിന് മുമ്പ് പലപ്പോഴും വനിതാ ക്രിക്കറ്റ് കാര്യമായി ശ്രദ്ധിക്കാത്ത ആളുകളുണ്ട്. എന്നാല്‍ ലോകകപ്പിന് ശേഷം കാര്യമായ മാറ്റം വന്നു. പലരും വനിതാ ക്രിക്കറ്റിലേക്ക് ഉറ്റുനോക്കുകയും താരങ്ങളെ കുറിച്ച് പറയുന്നുമൊക്കെ ചെയ്യുന്നുമുണ്ട്. വനിതാ ക്രിക്കറ്റ് ഇനിയങ്ങോട്ട് കൂടുതല്‍ പോപ്പുലറാവും. കൂടുതല്‍ താരങ്ങള്‍ വനിതാ ക്രിക്കറ്റിലേക്ക് വരുമെന്ന് ഉറപ്പാണ്.

ആശ ശോഭന, മിന്നു മണി

മിന്നുവും ഞാനും കരിയര്‍ ആരംഭിക്കുന്നത് ഏതാണ്ട് ഒരേ സമയത്താണ്. മാത്രമല്ല, ഞാന്‍ കേരള ക്രിക്കറ്റില്‍ കളിച്ച് തുടങ്ങുന്നത് ആശേച്ചിയുടെ ക്യാപ്റ്റന്‍സിയിലാണ്. ലേലത്തില്‍ ആശ ചേച്ചി ആദ്യം പോയി. പിന്നാലെ ഞാന്‍ മുംബൈയില്‍. മിന്നുവിന്റെ കാര്യത്തില്‍ വലിയ ടെന്‍ഷന്‍ ആയിരുന്നു. ആദ്യ റൗണ്ട് ലേലത്തില്‍ ആരും മിന്നുവിനെ എടുത്തിരുന്നില്ല. എങ്കിലും മൂന്ന് പേര്‍ക്കും കയറാന്‍ സാധിച്ചു. ജോഷിത, നജ്‌ല എന്നിവരൊക്കെ ഏതെങ്കിലും ടീമിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചു. കൂടുതല്‍ മലയാളി താരങ്ങള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ആറ് പേരുടെ പേരാണ് കൊടുത്തത്. ജോഷിത, നജ്‌ല എന്നിവരെ കൂടാതെ ഒരുപാട് താരങ്ങള്‍ കേരള ക്രിക്കറ്റിലുണ്ട്. ഭാവിയില്‍ എന്തായാലും കേരളത്തില്‍ നിന്ന് ആറ് പേര് വനിതാ പ്രീമിയര്‍ ലീഗ് കളിക്കുമെന്ന് കരുതാം.

ഇന്ത്യന്‍ ടീമിലേക്ക്

ഇന്ത്യന്‍ ടീമില്‍ വീണ്ടും തിരിച്ചെത്താന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എന്തായാലും ഒരു തവണ കളിച്ചതല്ലേ, ഒന്നും ഇല്ലാത്തിടത്ത് നിന്നാണ് ടീമിലെത്തിയത്. ഒരു തവണ കളിക്കാന്‍ കഴിയുമെങ്കില്‍ അത് ആവര്‍ത്തിക്കാനും സാധിക്കും. തീര്‍ച്ചയായും ഭാവിയില്‍ ടീമിന്റെ ഭാഗമാകാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഇത്രയും തുക

താരലേലത്തില്‍ ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടിസ്ഥാന വിലയില്‍ പോലും ആരെങ്കിലും എടുത്താന്‍ മതിയെന്നായിരുന്നു മനസില്‍. ക്യാപ്ഡ് പ്ലെയേഴ്‌സിന്റെ മൂന്ന് ഓപ്ഷനാണുള്ളത്. 30 ലക്ഷം, 40 ലക്ഷം, 50 ലക്ഷം. അതില്‍ ഏറ്റവും താഴ്ന്നതാണ് 30. അത്രയും വേണ്ട ഒരു 10 ലക്ഷത്തിനെങ്കിലും എടുത്താല്‍ മതിയെന്നായിരുന്നു. പക്ഷേ, ഇന്ത്യക്ക് വേണ്ടി കളിച്ചതുകൊണ്ട് 10 ലക്ഷത്തിന്റെ ഓപ്ഷനില്ലായിരുന്നു.

വനിതാ കേരള ക്രിക്കറ്റ് ലീഗ്

കെസിഎ ക്രിക്കറ്റ് നല്ല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. എല്ലാ കാറ്റഗറിയും, തരം തിരിച്ച് അവര്‍ക്ക് വേണ്ട ക്യാംപുകള്‍, ഫിറ്റ്‌നെസ് ട്രെയ്‌നിംഗുകള്‍, ന്യൂട്രീഷ്യന്‍ ക്ലാസുകളെല്ലാം നല്‍കുന്നുണ്ട്. കെസിഎയുടെ ഭാഗത്ത് നിന്ന് ഇത്രയും നല്ല പിന്തുണ ഉണ്ടാവുമ്പോള്‍ ഭാവിയില്‍ ഒരുപാട് യുവതാരങ്ങള്‍ വരും. അതിനുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരുന്നു കെസിഎല്ലിന്റെ ഭാഗമായി നടത്തിയ വനിതാ താരങ്ങളുടെ മത്സരം. കെസിഎ ഭാവിയില്‍ അങ്ങനെയൊരു ടൂര്‍ണമെന്റ് നടത്താനും പ്ലാന്‍ ചെയ്യുന്നുണ്ട്. അത് വളര്‍ന്നുവരുന്ന കേരള താരങ്ങള്‍ക്ക് വലിയ സാധ്യത ഒരുക്കും.

PREV
Read more Articles on
click me!

Recommended Stories

ബ്രിസ്ബേൻ ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാസ്ബോള്‍ മറുപടിയുമായി ഓസീസ്, വെതറാള്‍ഡിന് വെടിക്കെട്ട് ഫിഫ്റ്റി
'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്