
മുംബൈ: മൈതാനത്തെ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആധിപത്യം തുടരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, അവിശ്വസനീയമായ കുതിപ്പുമായി മലയാളി താരം സഞ്ജു സാംസണും മുന്‍നിരയിലേക്ക്. നിലവില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ലൈക്കുകള്‍ നേടിയ ആദ്യ ഏഴ് ചിത്രവും കോലിയുടേതാണ്. എന്നാല്‍ എട്ടാം സ്ഥാനത്ത് സഞ്ജുവിന്റെ പോസ്റ്റുണ്ട്. അതും ഹാര്‍ദിക് പാണ്ഡ്യ, എം എസ് ധോണി എന്നിവര്‍ക്ക് മുകളില്‍.
23.1 മില്യണ്‍ ലൈക്കുകള്‍ നേടിയ കോലിയുടെ പോസ്റ്റാണ് ഒന്നാമത് നില്‍ക്കുന്നത്. 2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷമുള്ള പോസ്റ്റായിരുന്നു അത്. അക്കാലത്ത് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച പോസ്റ്റുകളും ഇതുതന്നെ. രണ്ടാമത് കോലിയുടെ തന്നെ 2025 ഐപിഎല്‍ വിജയ പോസ്റ്റ്. 21.2 മില്യണ്‍ ലൈക്കുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് കോലിയുടെ ടെസ്റ്റ് വിരമിക്കല്‍ പോസ്റ്റ്. 20.6 മില്യണ്‍ ലൈക്കുകള്‍ ലഭിച്ചു. നാലാമത് കോലി, ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം നല്‍കുന്ന ചിത്രം. 20.5 മില്യണ്‍ ലൈക്കുകള്‍ ലഭിച്ചു.
2025 ഐപിഎല്‍ വിജയത്തിന് ശേഷം അനുഷ്‌കക്കൊപ്പമുള്ള ചിത്രം. 20.2 മില്യണ്‍ ലൈക്കുകളാണ് ലഭിച്ചത്. അനുഷ്‌കയ്‌ക്കൊപ്പമുള്ള മറ്റൊരു കോലി ചിത്രത്തിന് 20.1 മില്യണ്‍ ലൈക്കുകളും വേറൊരു ചിത്രത്തിന് 18.1 ലൈക്കുകളും ലഭിച്ചു. അതിന്ന പിന്നിലാണ് സഞ്ജുവിന്റെ പോസ്റ്റ്. 2026 ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ ഐതിഹാസിക ഇന്നിംഗ്സിന് (97*) ശേഷം പങ്കുവെച്ച പോസ്റ്റിന് 18.0 മില്യണില്‍ കൂടുതല്‍ ലൈക്കുകളാണ് ലഭിച്ചത്.
വെറും 18.1 മില്യണ്‍ ഫോളോവേഴ്സ് മാത്രമുള്ള സഞ്ജു (പോസ്റ്റ് ചെയ്യുന്ന സമയത്ത് 11.6 മില്യണ്‍), വെറും 9 ദിവസത്തിനുള്ളില്‍ 17.7 മില്യണിലധികം ലൈക്കുകള്‍ നേടിയത് ചരിത്രപരമായ നേട്ടമാണ്. ഓരോ ദിവസവും 5 ലക്ഷത്തിലധികം ലൈക്കുകള്‍ അധികമായി നേടിക്കൊണ്ട് ഈ പോസ്റ്റ് 20 മില്യണ്‍ എന്ന നാഴികക്കല്ലിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ ഇടത്തരം കുടുംബത്തില്‍ നിന്ന് വന്ന്, കരിയറില്‍ ഉടനീളം അവഗണനകളും നേരിട്ട താരമാണ് സഞ്ജു. പത്ത് വര്‍ഷത്തെ കരിയറില്‍ ഭൂരിഭാഗവും ബെഞ്ചിലിരിക്കേണ്ടി വന്നിട്ടും തളരാതെ പോരാടിയ സഞ്ജു, ഇന്ന് വിരാട് കോലിക്ക് ശേഷം ആരാധകര്‍ക്കിടയില്‍ ഏറ്റവും വലിയ സ്വാധീനമുള്ള താരമായി മാറുകയാണ്.
വരാനിരിക്കുന്ന ഐപിഎല്‍ സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമായി സഞ്ജു എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എം എസ് ധോണിയുടെ വിരമിക്കലിന് ശേഷം സിഎസ്‌കെയുടെ നട്ടെല്ലായി സഞ്ജു മാറുമെന്നും, അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് ലഭിക്കാന്‍ പോകുന്ന ആരാധകപിന്തുണ സങ്കല്‍പ്പിക്കാനാവാത്ത വിധം വലുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
സഞ്ജുവിന് പിന്നില്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ട്. 2024 ടി20 ലോകകപ്പ് വിജയ വീഡിയോക്ക് ലഭിച്ചത് 17.5 മില്യണ്‍ ലൈക്കുകള്‍. അതിനും പിന്നിലാണ് ധോണി. 2024 ടി20 ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള പോസ്റ്റിന് 17.4 മില്യണ്‍ ലൈക്കുകള്‍ ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!