അപൂര്‍വ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസണ്‍; പിന്നിലായത് സാക്ഷാല്‍ എം എസ് ധോണി

Published : Sep 20, 2025, 01:31 PM IST
sanju samson pips ms dhoni

Synopsis

ഏഷ്യാ കപ്പിൽ ഒമാനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ നിർണായക അർദ്ധസെഞ്ചുറി നേടി. ഈ പ്രകടനത്തോടെ, ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അദ്ദേഹം എംഎസ് ധോണിയെ മറികടന്നു.

ദുബായ്: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരെയുള്ള മത്സരത്തില്‍ സഞ്ജു സാംസണ്‍ നിര്‍ണായകമായ പ്രകടനം പുറത്തെടുത്തിരുന്നു. 45 പന്തുകള്‍ നേരിട്ട താരം 56 റണ്‍സ് നേടി. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു കിട്ടിയ അവസരം മുതലാക്കുകയായിരുന്നു. മൂന്ന് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. സഞ്ജുവിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപിട ബാറ്റിംഗില്‍ ഒമാന് നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യക്ക് 21 റണ്‍സിന്റെ ജയം.

മത്സരത്തിനിടെ ഒരു നാഴികക്കല്ലും സഞ്ജു പിന്നിട്ടു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ, സഞ്ജു മറികടന്നു. 307 മത്സരങ്ങളില്‍ നിന്ന് 353 സിക്സറുകളുമായി സഞ്ജു നാലാം സ്ഥാനത്താണ്, 405 മത്സരങ്ങളില്‍ നിന്ന് 350 സിക്സറുകള്‍ നേടിയ ധോണിയുടെ റെക്കോര്‍ഡ് അദ്ദേഹം മറികടന്നു. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍ 463 മത്സരങ്ങളില്‍ നിന്ന് 547 സിക്‌സറുകളാണ് രോഹിത് പറത്തിയത്.

414 മത്സരങ്ങളില്‍ നിന്ന് 435 സിക്‌സുകള്‍ നേടിയ മുന്‍ താരം വിരാട് കോലി രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പട്ടികയിലുണ്ട്. 328 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ 328 സിക്‌സുകളാണ് നേടിയത്. സൂര്യകുമാറിന് പിന്നിലാണ്‌സ സഞ്ജുവിന്റെ സ്ഥാനം. പിന്നില്‍ എം എസ് ധോണിയും. ഇന്ത്യയുടെ ടി20 ജേഴ്‌സിയില്‍ 50 സിക്‌സുകള്‍ നേടാനും സഞ്ജുവിന് സാധിച്ചു. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, എം എസ് ധോണി, ശിഖര്‍ ധവാന്‍ എന്നിവരാണ് സഞ്ജുവിന് 50 സിക്‌സുകള്‍ നേടിയ മറ്റുതാരങ്ങള്‍.

മത്സരശേഷം സഞ്ജു തന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞതിങ്ങനെ... ''കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഫിറ്റ്നെസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ഫീല്‍ഡിംഗ് പരിശീലകന് കീഴില്‍ ബ്രോങ്കോ ടെസ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. ക്രീസില്‍ ഒരുപാട് സമയം പിടിച്ചുനില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം. ഒമാന്‍ ശരിക്കും നന്നായി പന്തെറിഞ്ഞു. അവര്‍ക്കും ക്രഡിറ്റ് അര്‍ഹിക്കുന്നു. പവര്‍പ്ലേയിലും നന്നായി പന്തെറിഞ്ഞു. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ബാറ്റുകൊണ്ട്, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണ്. ഞാന്‍ അതിനെ പോസിറ്റീവായി എടുക്കുന്നു.'' സഞ്ജു പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല