
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ ഫിറ്റ്നെസ് റിപ്പോര്‍ട്ട് കിട്ടാനായാണ് സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം വൈകിച്ചതെന്നാണ് സൂചന. ഇന്നലെ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ ഫിറ്റ്നെസ് ടെസ്റ്റിന് വിധേനായ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കൂടി കളിക്കാനാകില്ലെന്നാണ് കരുതുന്നത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിന് വേദിയാകുന്ന റായ്പൂരില്‍ വെച്ചായിരിക്കും സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുക. ശുഭ്മാന്‍ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കളിക്കാനായില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ വീണ്ടും ഓപ്പണറായി പരിഗണിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണറായി സഞ്ജു തിളങ്ങിയാല്‍ പിന്നീട് ഗില്‍ തിരിച്ചുവരുമ്പോള്‍ സഞ്ജുവിനെ മാറ്റിയാല്‍ അത് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ യശസ്വി ജയ്സ്വാളിനെ ടി20 ഓപ്പണറായി പരിഗണിക്കാനുള്ള സാധ്യയതയും മുന്നിലുണ്ട്.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ടീമില്‍ തിരിച്ചെത്തും. മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ഹാര്‍ദ്ദിക് ഫിറ്റ്നെസ് തെളിയിച്ചിരുന്നു. പഞ്ചാഹിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ഹാർദ്ദിക് 52 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ ബാറ്റിംഗിനിറങ്ങി 77 റണ്‍സടിച്ച് തിളങ്ങി.
മധ്യനിരയിലേക്ക് റിയാന്‍ പരാഗിനെയും പരിഗണിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മുഷ്താഖ് അലിയില്‍ പരാഗിന്‍റെ പ്രകചനം അത്ര മികച്ചതായിരുന്നില്ല. 2024ല്‍ ബംഗ്ലാദേശിനെതിരെ ആണ് പരാഗ് അവസാനം ഇന്ത്യൻ ടി20 ടീമില്‍ കളിച്ചത്. ഡിസംബര്‍ 9ന് കട്ടക്കിലാണ് ടി20 പരമ്പരക്ക് തുടക്കമാകുന്നത്. ഡിസംബര്‍ 11ന് ചണ്ഡീഗഡ്, 14ന് ധരംശാല, 17ന് ലക്നൗ, 19ന് അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ബാക്കി മത്സരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക