
സെഞ്ചൂറിയന്‍: 26നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. പരിക്കേറ്റ രോഹിത് ശര്‍മ (Rohit Sharma), രവീന്ദ്ര ജഡേജ (Ravindra Jadeja), അക്‌സര്‍ പട്ടേല്‍ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുക. മറുവശത്ത് ദക്ഷിണാഫ്രിക്കാവട്ടെ പഴയ വീര്യമില്ല. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ പരമ്പര നേടിയിട്ടില്ല. ഇത് സുവര്‍ണാവസരമാണ്. മാത്രമല്ല, ചില ഇന്ത്യന്‍ താരങ്ങളെ കാത്ത് റെക്കോര്‍ഡും കാത്തിരിക്കുന്നുണ്ട്.
അതില്‍ പ്രധാനി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) തന്നെ. ദക്ഷിണാഫ്രിക്കയില്‍ 199 റണ്‍സ് കൂടി നേടിയാല്‍ 8000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ കോലിക്ക് സാധിക്കും. നിലവില്‍ 97 മത്സരത്തില്‍ നിന്ന് 50.65 ശരാശരിയില്‍ 7801 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 12 മത്സരത്തില്‍ നിന്ന് 1075 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം 558 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. രണ്ട് സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും.
അശ്വിനെ നാഴികക്കല്ല് പിന്നിടാനുണ്ട്. പരമ്പരയില്‍ ഒന്നാകെ 13 വിക്കറ്റുകള്‍ നേടിയാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ പട്ടികയില്‍ ഡെയ്ല്‍ സ്‌റ്റെയ്‌നിനെ പിന്നിലാക്കാനാവു. 427 വിക്കറ്റാണ് അശ്വിനുള്ളത്. സ്റ്റെയ്‌നിന് 439 വിക്കറ്റും. റിച്ചാര്‍ഡ് ഹാര്‍ഡ്ലി (431), രംഗനാ ഹെറാത്ത് (433),കപില്‍ ദേവ് (434) എന്നിവരേയും അശ്വിന് മറികടക്കാം. കപിലിനെ മറികടന്നാല്‍ ഇന്ത്യക്കാരിലെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്താന്‍ അശ്വിനാവും. ദക്ഷിണാഫ്രിക്കയില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് ഏഴ് വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം.
അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ മുഹമ്മദ് ഷമിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ സ്വന്തമാക്കാം. നിലവില്‍ 54 മത്സരത്തില്‍ നിന്ന് 195 വിക്കറ്റാണ് ഷമിയുടെ പേരിലുള്ളത്. 2017 ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് ഷമി നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!