ഇംഗ്ലണ്ട് പര്യടനം: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ഷഫാലിക്ക് ടെസ്റ്റ്, ഏകദിന ടീമിലിടം

By Web TeamFirst Published May 15, 2021, 4:10 PM IST
Highlights

മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഹോം ഏകദിന, ടി20 സീരിസുകളില്‍ ശിഖ പാണ്ഡെയും ഏക്ത ബിഷ്‌ടും തനിയ ഭാട്ട്യയും കളിച്ചിരുന്നില്ല. 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശിഖാ പാണ്ഡെ, ഏക്‌ത ബിഷ്‌ട്, ഷഫാലി വെര്‍മ, തനിയ ഭാട്ട്യ എന്നിവര്‍ തിരിച്ചെത്തി. ഷഫാലിക്ക് ഏകദിന, ടെസ്റ്റ് ടീമുകളില്‍ ആദ്യമായാണ് ക്ഷണം കിട്ടുന്നത്. ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജും ടി20 ടീമിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കും. 

മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഹോം ഏകദിന, ടി20 സീരിസുകളില്‍ പേസ് ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയും ഇടംകൈയന്‍ സ്‌പിന്നര്‍ ഏക്ത ബിഷ്‌ടും വിക്കറ്റ് കീപ്പര്‍ തനിയ ഭാട്ട്യയും കളിച്ചിരുന്നില്ല. ഏകദിന പരമ്പരയില്‍ ഷഫാലിക്കും ഇടംലഭിച്ചിരുന്നില്ല. എന്നാല്‍ നീതു ഡേവിഡ് അധ്യക്ഷയായ സെലക്‌ഷന്‍ കമ്മിറ്റി നാല് പേരെയും ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തുകയായിരുന്നു. 

രമേശ് പവാര്‍ പരിശീലകനായി തിരിച്ചെത്തിയതോടെ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റമുണ്ടാവും എന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നെങ്കിലും മിതാലിയെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി നിലനിര്‍ത്തുകയായിരുന്നു.

തനിയ ഭാട്ട്യയാണ് എല്ലാ ഫോര്‍മാറ്റിലും പ്രധാന വിക്കറ്റ് കീപ്പര്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള ഇന്ദ്രാണി റോയ്‌യെ ബാക്ക്‌അപ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍ക്യാപ്‌ഡ് താരമാണ് ഇന്ദ്രാണി. ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ വനിതാ ടീം ജൂണ്‍ രണ്ടിന് തിരിക്കും. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുന്നത്.

ടെസ്റ്റ്, ഏകദിന സ്‌ക്വാഡ്: മിതാലി രാജ്(ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍(വൈസ് ക്യാപ്റ്റന്‍), പൂനം റൗത്ത്, പ്രിയ പൂനിയ, ദീപ്‌തി ശര്‍മ്മ, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, സ്‌നേ റാണ, തനിയ ഭാട്ട്യ(വിക്കറ്റ് കീപ്പര്‍), ഇന്ദ്രാണി റായ്(വിക്കറ്റ് കീപ്പര്‍), ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂജ വസ്‌ത്രാകര്‍, അരുന്ധതി റെഢി, പൂനം യാദവ്, ഇക്‌താ ബിഷ്‌ട്, രാധാ യാദവ്. 

ടി20 സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്‌മിതി മന്ദാന(വൈസ് ക്യാപ്റ്റന്‍), ദീപ്‌തി ശര്‍മ്മ, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, റിച്ച ഗോഷ്, ഹര്‍ലീന്‍ ഡിയോള്‍, സ്‌നേഹ് റാണ, തനിയ ഭാട്ട്യ(വിക്കറ്റ് കീപ്പര്‍), ഇന്ദ്രാണി റോയ്(വിക്കറ്റ് കീപ്പര്‍), ശിഖാ പാണ്ഡെ, പൂജ വസ്‌ത്രാകര്‍, അരുന്ധതി റെഢി, പൂനം യാദവ്, ഏക്‌താ ബിഷ്‌ട്, രാധാ യാദവ്, സിമറാന്‍ ദില്‍ ബഹദൂര്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

പാക്കിസ്ഥാൻ സൂപ്പർ ലീ​ഗിനെക്കാൾ കേമം ഐപിഎല്ലെന്ന് പാക് താരം വഹാബ് റിയാസ്


 

click me!