
ലാഹോർ: ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് പാകിസ്ഥാൻ ബഹിഷ്‍കരിക്കണമെന്ന വാദത്തെ വിമർശിച്ച് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് പോയി ലോകകപ്പ് നേടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അഫ്രീദി പറഞ്ഞു. ലോകകപ്പിൽ കളിക്കാന്‍ പാക് താരങ്ങള്‍ ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന് കായിമന്ത്രി അഹ്സാൻ മസാരി ഉൾപ്പടെയുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ശക്തമായി എതിർക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അഫ്രീദി.
പാകിസ്ഥാൻ വേദിയാവുന്ന ഏഷ്യാ കപ്പിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇതോടെ ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക. ഈ പശ്ചാത്തലത്തിൽ ബാബർ അസവും സംഘവും ഏകദിന ലോകകപ്പിൽ കളിക്കാനായി ഇന്ത്യയിലേക്ക് പോകേണ്ടെന്ന് പാകിസ്ഥാൻ കായിമന്ത്രി അഹ്സാൻ മസാരി ഉൾപ്പടെയുള്ളവർ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷാഹിദ് അഫ്രീദിയുടെ വാക്കുകൾ ശ്രദ്ധേയമാവുന്നത്. 'പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് പോകരുതെന്നും ലോകകപ്പ് ബഹിഷ്കരിക്കണമെന്നുമാണ് ചിലർ പറയുന്നത്, താൻ പൂർണമായും ഈ വാദത്തിന് എതിരാണ്. പാകിസ്ഥാൻ ടീം ഇന്ത്യയിൽ പോയി ജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ കളിക്കുക സമ്മർദമുണ്ടാക്കുമെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് കിരീടം നേടുമ്പോഴാണ് മധുരം കൂടുക'യെന്നും അഫ്രീദി പറഞ്ഞു.
ലോകകകപ്പിൽ ടീം കളിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പാക് പ്രധാനമന്ത്രിയാണ് പാകിസ്ഥാൻ ലോകകപ്പിൽ കളിക്കുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍റെ മത്സരങ്ങൾ. ഒക്ടോബർ ആറിന് ഹൈദരാബാദിലാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. അഹമ്മദാബാദിൽ ഒക്ടോബർ പതിനഞ്ചിന് ഇന്ത്യ-പാകിസ്ഥാൻ വമ്പൻ പോരാട്ടം നടക്കും.
Read more: യുവ പേസർമാർ കാത്തിരുന്നോളൂ; നിങ്ങള്‍ക്കുള്ള വിളി ഉടന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം