വിന്‍ഡീസ് പര്യടനത്തിനിടെ ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ പാരസ് മാബ്രെ തലപുകയ്ക്കുകയാണ്
ഡൊമിനിക്ക: തിരക്കുപിടിച്ച മത്സരക്രമമായതിനാല്‍ ഇന്ത്യന്‍ പേസർമാരുടെ വർക്ക് ലോഡ് ക്രമീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകള്‍ നടക്കുന്നതായി ബൗളിംഗ് പരിശീലകന്‍ പാരസ് മാബ്രെ. സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ അഭാവം കഴിഞ്ഞ ഒരു വർഷക്കാലം ഏറെ ടീമില്‍ നിഴലിച്ചതായും അദേഹം വ്യക്തമാക്കി. ഡൊമിനിക്കയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റിന് ശേഷമാണ് മാബ്രെയുടെ പ്രതികരണം. ബഞ്ച് കരുത്ത് കൂട്ടാനായി കൂടുതല്‍ ബൗളർമാരെ പരീക്ഷിക്കുമെന്ന് അദേഹം വ്യക്തമാക്കി.
വിശ്രമം, പരീക്ഷണം
കരുത്തരല്ലെങ്കിലും ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിംഗ്സിനും 141 റണ്‍സിനും തളച്ചതിന്‍റെ ആവേശത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ബൗളിംഗ് പരിശീലകന്‍ പാരസ് മാബ്രെ തലപുകയ്ക്കുകയാണ്. വിന്‍ഡീസിലെ മുഴുനീള പരമ്പരയ്ക്ക് ശേഷം അയർലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയും ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കുന്നു. ഇനി കോച്ചിംഗ് സ്റ്റാഫിന് മാത്രമല്ല, താരങ്ങള്‍ക്കും നിന്നുതിരിയാന്‍ സമയമില്ല. പ്രത്യേകിച്ച് പേസ് ബൗളർമാരുടെ ജോലിഭാരം ക്രമീകരിക്കുന്ന കാര്യത്തിലാണ് മാബ്രെയുടെ ആശങ്കകള്‍. ഇതിനാല്‍ കൂടുതല്‍ പേസർമാർക്ക് ഉടന്‍ അവസരമൊരുങ്ങും എന്നാണ് അദേഹത്തിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
ബുമ്രയെ മിസ് ചെയ്യുന്നു...
'കഴിഞ്ഞ ഒന്നൊന്നര വർഷം ടീം ഏറ്റവും കൂടുതല്‍ മിസ് ചെയ്ത താരം ജസ്പ്രീത് ബുമ്രയാണ്. മുകേഷ് കുമാർ, ആവേഷ് ഖാന്‍, അർഷ്ദീപ് സിംഗ് തുടങ്ങി ഒട്ടേറെ ബൗളർമാർ ടീം ഇന്ത്യയുടെ പദ്ധതികളില്‍ നിലവിലുണ്ട്. പേസർമാരുടെ ജോലിഭാരം ക്രമീകരിക്കുക വലിയ കടമയാണ്. ടീമിന്‍റെ ഭാഗമായിരുന്ന ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും പരിക്കേറ്റ് മിസായിരുന്നു. വിവിധ ഫോർമാറ്റിലുള്ള മത്സരങ്ങള്‍ വരുന്നതിനാല്‍ അതിന് ഉചിതമായ താരങ്ങളെ താരങ്ങളെ കണ്ടെത്താന്‍ ക്യാപ്റ്റനുമായും ടീം മാനേജ്മെന്‍റിനുള്ളിലും ഏറെ ചർച്ചകള്‍ നടക്കുന്നുണ്ട്'.
മുകേഷിന് പ്രശംസ
'മുകേഷ് കുമാർ മികച്ച പ്രതിഭയാണ്. ഏറെ കഠിനാധ്വാനം ചെയ്താണ് അയാള്‍ വരുന്നത്. രഞ്ജി ട്രോഫിയില്‍ മുകേഷിന്‍റെ പ്രകടനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരീക്ഷിച്ച് വരികയാണ്. ടീമിന്‍റെ ബൗളിംഗ് ബഞ്ച് കരുത്ത് വർധിപ്പിക്കുക എന്‍റെ ചുമതലയാണ്. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും ഉണ്ടെങ്കിലും ബഞ്ചിലെ കരുത്ത് കൂട്ടണം. സീനിയർ താരങ്ങള്‍ക്കൊപ്പമുള്ളത് മുകേഷ് കുമാറിന് പ്രയോജനം ചെയ്യും' എന്നും പാരസ് മാബ്രെ കൂട്ടിച്ചേർത്തു. രഞ്ജി ട്രോഫിയില്‍ 33 കളികളില്‍ 123 വിക്കറ്റ് വീഴ്ത്തിയ താരമാണ് മുകേഷ് കുമാർ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സ്ക്വാഡില്‍ റിസർവ് താരമായിരുന്നു.
Read more: ഏഷ്യാ കപ്പ് ക്രിക്കറ്റ്: പാകിസ്ഥാന്‍റെ നാടകങ്ങള്‍ അവസാനിക്കുന്നില്ല; പുതിയ വാദങ്ങളുമായി രംഗത്ത്
