
മെല്‍ബണ്‍: സ്റ്റീവ് സ്മിത്ത്, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍(Fab Four) എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാലു ബാറ്റര്‍മാര്‍. പാക്ക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും ചേര്‍ത്ത് ഫാബ് ഫൈവാക്കണമെന്ന ആരാധകരുടെ ആവശ്യം ശക്തമാണെങ്കിലും ഫാബ് ഫോറിനെ മാറ്റി പ്രതിഷ്ഠിക്കാന്‍ ആരാധകര്‍ ഇതുവരെ തയാറായിട്ടില്ല.
ഇതില്‍ വിരാട് കോലിയും സ്റ്റീവ് സ്മിത്തും കെയ്ന്‍ വില്യംസണും സമീപകാലത്ത് മോശം ഫോമിലൂടെ കടന്നുപോകുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ 10000 കടന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ കൂടിയായ ജോ റൂട്ട് ഒന്നാം സ്ഥാനത്തുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് കളിക്കുന്നത് എന്നത് റൂട്ടിന് അധിക ആനുകൂല്യം നല്‍കുന്നുമുണ്ട്.
ടെസ്റ്റിലെ റണ്‍വേട്ടയില്‍ 101 ടെസ്റ്റില്‍ 8043 റണ്‍സുമായി വിരാട് കോലിയും 85 ടെസ്റ്റില്‍ 8010 റണ്‍സുള്ള സ്റ്റീവ് സ്മിത്തും 87 ടെസ്റ്റില്‍ 7289 റണ്‍സടിച്ച വില്യംസണും റൂട്ടിനും ഏറെ പിറകിലാണ്. 118 ടെസ്റ്റില്‍ 49.57 ശരാശരിയില്‍ 10015 റണ്‍സാണ് നിലവില്‍ റൂട്ടിന്‍റെ പേരിലുള്ളത്.
ഫാബ് ഫോറില്‍ ടെസ്റ്റിലെ റണ്‍വേട്ടയില്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ള ബാറ്റര്‍ ജോ റൂട്ടാണെന്ന് ഷെയ്ന്‍ വാട്സണ്‍ പറഞ്ഞു. 31 കാരനായ റൂട്ടിന് പ്രായം അനുകൂലഘടകമാണ്. 180 ടെസ്റ്റുകളെങ്കിലും കളിക്കാനായാല്‍ റൂട്ടിന് ടെസ്റ്റലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനുള്ള സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനാവുമെന്നാണ് കരുതുന്നത്.
രോഹിത് ശര്‍മയെ മറികടക്കാം; തകര്‍പ്പന്‍ നാഴികക്കല്ലിനരികെ ശ്രേയസ് അയ്യര്‍
31കാരനായ വില്യംസണാണ് പ്രായം കൊണ്ട് റൂട്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള താരം. സ്മിത്തിനും കോലിക്കും റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനിയും ഏറെ ദൂരം പോവാനുണ്ട്. അടുത്ത മൂന്നോ നാലാ വര്‍ഷം കളിക്കാനായാല്‍ കോലിക്കും സ്മിത്തിനും നേരിയ സാധ്യതയുണ്ട്. കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി ഈ നാലുപേരും അവരുടെ മികച്ച ഫോമില്‍ തുടരുന്നത് കാണാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമാണെന്നും വാട്സണ്‍ പറഞ്ഞു.
ഇന്ത്യക്കായി 200 ടെസ്റ്റുകള്‍ കളിച്ച സച്ചിന്‍ ടെസ്റ്റില്‍ 15921 റണ്‍സാണ് അടിച്ചത്. 168 ടെസ്റ്റില്‍ 13378 റണ്‍സടിച്ചിട്ടുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് ടെസ്റ്റിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ 170-180 ടെസ്റ്റെങ്കിലും കളിക്കാനായാല്‍ റൂട്ടിന് സച്ചിന്‍റെയോ പോണ്ടിംഗിന്‍റെ റെക്കോര്‍ഡിന് അടുത്തെത്താനാകുമെന്ന് വാട്സണ്‍ പറഞ്ഞു.