അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ അയ്യര്‍ ഈ നാഴികക്കല്ല് മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍. പരമ്പരയില്‍ 1000 മറികടന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (Rohit Sharma) മറികടക്കാനും ശ്രേയസിന് സാധിക്കും.

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര (IND vs SA) വ്യാഴാഴ്ച്ച ആരംഭിക്കാനിരിക്കെ വമ്പന്‍ റെക്കോര്‍ഡിനരികെ ശ്രേയസ് അയ്യര്‍ (Shreyas Iyer). വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാനുള്ള അവസരമാണ് അയ്യര്‍ക്ക് വന്നുചേര്‍ന്നിരക്കുന്നത്. 36 ടി20 മത്സരങ്ങളില്‍ നിന്നും 36.77 ശരാശരിയില്‍ 140 സ്ട്രൈക്ക് റേറ്റോടെ ശ്രേയസിന്റെ സമ്പാദ്യം 809 റണ്‍സാണ്. 1000 റണ്‍സെന്ന നാഴികക്കല്ല മറികടക്കാന്‍ 191 റണ്‍സ് മാത്രമാണ് വേണ്ടത്. 

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ അയ്യര്‍ ഈ നാഴികക്കല്ല് മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍. പരമ്പരയില്‍ 1000 മറികടന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (Rohit Sharma) മറികടക്കാനും ശ്രേയസിന് സാധിക്കും. ഏറ്റവും വേഗത്തില്‍ 1000 റണ്‍സടിച്ച ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്. 

47 മല്‍സരങ്ങളില്‍ നിന്നാണ് രോഹിത് 1000 നേടിയത്. സമീപകാല ഫോം വച്ച് അയ്യര്‍ അനായാസം രോഹിത്തിനെ മറികടക്കുമെന്നാണ് കരുതുന്നത്. കാരണം, ഐപിഎല്ലിന് മുമ്പ് ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് ടി20 അര്‍ധ സെഞ്ചുറികള്‍ നേടാന്‍ അയ്യര്‍ക്കായിരുന്നു. പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് കൂടിയായിരുന്നു ശ്രേയസ്. 

എന്നാല്‍ ആദ്യ രണ്ട് സ്ഥാനക്കാരെ മറികടക്കുക എളുപ്പമാവില്ല. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് മുന്നില്‍. 29 മത്സരങ്ങളില്‍ നിന്നാണ് കോലി 1000 മറികടന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീം ഇന്ത്യയെ നയിക്കുന്ന കെ എല്‍ രാഹുലാണ് രണ്ടാമത്. 32 മത്സരങ്ങളിലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ നാഴികക്കല്ല് മറികടന്നത്. 

ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന, ടെസ്റ്റ് പരമ്പരയില്‍ തോറ്റതിന് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ടി20 പരമ്പര. ദില്ലിക്ക് പുറമെ, കട്ടക്ക്, വിശാഖപട്ടണം, രാജ്‌കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 

ദക്ഷിണാഫ്രിക്ക നേരത്തെ പരിശീലനം തുടങ്ങി. ആദ്യ മത്സരത്തില്‍ ജയിച്ചാല്‍ ടി20യില്‍ 13 തുടര്‍വിജയങ്ങളുമായി റെക്കോര്‍ഡ് നേട്ടത്തിലെത്താം ഇന്ത്യക്ക്. കൊവിഡ് പ്രതിസന്ധി കുറഞ്ഞതിനാല്‍ ബയോബബിള്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം ദിവസവും കൊവിഡ് പരിശോധന ഉറപ്പാക്കും.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.