ദില്ലി: കൊറോണ വൈറസ് ലോകവ്യാപകമായി പടര്‍ന്നതിനെ ചൈനയെ പഴിച്ച് പാക് മുന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് അക്തര്‍. ചൈനക്കാരുടെ ഭക്ഷണ രീതിയാണ് ലോകത്തെ മുഴുവന്‍ ഇപ്പോള്‍ ഭീതിയിലാക്കിയിരിക്കുന്നത്. അവര്‍ എങ്ങനെയാണ് വവ്വാലുകളെ തിന്നുന്നത്. വവ്വാലുകളുടെ രക്തവും മൂത്രവും കുടിക്കുന്നത്.

എന്നിട്ട് ലോകം മുഴുവന്‍ വൈറസുകള്‍ പരത്തുന്നത്. എങ്ങനെയാണ് വവ്വാല്‍, നായ, പൂച്ച എന്നിവയൊക്കെ ഭക്ഷിക്കുക. ഇത് തനിക്ക് മനസിലാവുന്നില്ല. ലോകം മുഴുവന്‍ ഇപ്പോള്‍ ഭീതിയിലാണ്. ഇപ്പോള്‍ വിനോദ സഞ്ചാരമേഖല തകരാറിലായി. സാമ്പത്തിക രംഗം ബാധിച്ചു. ലോകവ്യാപകമായി അടച്ചിടലുകള്‍ നേരിടുന്നുവെന്ന് ഷൊഹൈബ് അക്തര്‍ വീഡിയോയില്‍ പറയുന്നു. ഹലാല്‍ ആയിട്ടുള്ള മാംസം ലഭ്യമാകുമ്പോള്‍ എന്തിനാണ് ഇത്തരം രീതികള്‍ പിന്തുടരുന്നതെന്നും അക്തര്‍ ചോദിക്കുന്നു.

 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കൊറോണ വൈറസ് മൂലമാണ് നിര്‍ത്തേണ്ടി വന്നത്. അതില്‍ എനിക്ക് ദേഷ്യമുണ്ട്. താന്‍ ചൈനയിലെ ആളുകള്‍ക്ക് എതിരല്ല. മൃഗങ്ങളെ സംബന്ധിച്ച നിയമങ്ങളെയാണ് താന്‍ എതിര്‍ക്കുന്നത്. ചൈനയിലെ വുഹാനിലാണ് 2019 ഡിസംബറില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. വുഹാനിലെ വന്യമൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ പടര്‍ന്നതെന്നാണ് സൂചന. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 20,000ത്തോളം ഫാമുകള്‍ ചൈന അടച്ചുപൂട്ടുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടുണ്ട്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ 80% പേരും വന്യജീവികളെ കഴിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ.

കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ സാധാരണ മത്സ്യമാംസാദികൾക്ക് പുറമെ അനധികൃതമായി ജീവനോടെ അറുത്ത് വിറ്റുകൊണ്ടിരുന്നത് പാമ്പിനെയും, പെരുച്ചാഴിയെയും, മുതലയേയും, മുള്ളൻ പന്നിയെയും, നീര്‍ നായയെയും, ചെന്നായ്ക്കുഞ്ഞുങ്ങളെയും ഒക്കെ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈറസ് ബാധയെത്തുടർന്ന് അധികൃതർ ഈ മാർക്കറ്റ് അടച്ചു പൂട്ടിയിരുന്നു.

കരുത്തിന് കരടി, സൗന്ദര്യത്തിന് മയില്‍; 'കൊറോണ' ചൈനക്കാരുടെ ഭക്ഷണരീതിയില്‍ വരുത്തിയ മാറ്റങ്ങള്‍