
വിശാഖപട്ടണം: ടെസ്റ്റിലെ വൈറ്റ് വാഷിന് ശേഷമുള്ള ഏകദിന പരമ്പര ജയം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ബാറ്റിങ് കരുത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്നത്. ബാറ്റിങ്ങിനെ മുന്നില്‍ നിന്ന് നയിച്ചതാകട്ടെ വിന്റേജ് രോ-കോ സഖ്യവും. ഇന്ത്യന്‍ ബാറ്റിങ്ങിന് രോഹിത് ശര്‍മയും വിരാട് കോലിയും എത്രത്തോളും പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതായി ഏകദിന പരമ്പര. ടെസ്റ്റിലെ വൈറ്റ് വാഷിന് ശേഷം രോ-കോ സഖ്യം എത്തിയതോടെ ഇന്ത്യന്‍ ബാറ്റിങ് ആകെ ഉണര്‍ന്നു.
പിടിച്ചുനിന്നും പൊരുതിയും അടിച്ചുപറത്തിയും, ആകെ മൊത്തം സീനിയേഴ്‌സ് ഷോ. ടെസ്റ്റിലെ നാല് ഇന്നിംഗ്‌സില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നത്. ഏകദിനത്തില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ടീം ടോട്ടല്‍ 300 കടന്നു. മൂന്നാം മത്സരത്തില്‍ 40 ഓവറില്‍ തന്നെ 270ലെത്തി. മൂന്ന് മത്സരങ്ങളിലും ഒരറ്റത്ത് രോ-കോ സഖ്യത്തില്‍ ഒരാള്‍ നിലയുറപ്പിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 302 റണ്‍സ് നേടി കോലി പരമ്പരയുടെ താരമായി. 117 സ്‌ട്രൈക്ക് റേറ്റില്‍ 12 സിക്‌സും 24 ഫോറും. രണ്ട് സെഞ്ച്വറി, ഒരു അര്‍ധസെഞ്ച്വറി.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ സീരിസ് പുരസ്‌കാരം നേടിയ താരമായി കോലി മാറി. മറികടന്നത് സാക്ഷാല്‍ സച്ചിന്‍ തെന്‍ടുല്‍ക്കറെ. രോഹിത് നേടിയത് 146 റണ്‍സ്. 2 അര്‍ധസെഞ്ച്വറിയും ഹിറ്റ്മാന് സ്വന്തം. ഫോം ഈസ് ടെംപററി, ക്ലാസ് ഈസ് പെര്‍മനെന്റ് എന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് രോ-കോ സഖ്യം ദക്ഷിണാഫ്രിക്കന്‍ പരമ്പര അവസാനിപ്പിക്കുന്നത്. ടെസ്റ്റിലെ തോല്‍വിയില്‍ നിന്ന് ഏകദിനത്തിലെത്തിയപ്പോള്‍ ഇന്ത്യയ്ക്കുണ്ടായ മാറ്റം കണ്ട് ആനന്ദിക്കുകയാണ് ആരാധകര്‍.
രോ-കോ സഖ്യത്തിന്റെ ഫോമില്‍ സംശയം പ്രകടപ്പിച്ചാണ് പരമ്പര തുടങ്ങിയതെങ്കില്‍ മറ്റ് പ്രശ്‌നങ്ങള്‍ ടീമിനുണ്ടെന്ന് ഓര്‍മിപ്പിച്ചാണ് പരമ്പര അവസാനിക്കുന്നത്. ഇനി ഏകദിനത്തില്‍ ഇന്ത്യയിറങ്ങുന്നത് പുതുവര്‍ഷത്തില്‍ കിവീസിനെതിരെ. തല്‍ക്കാലം രോ-കോ ഷോയ്ക്ക് ഇടവേള. ഇതിനിടെ ഇരുവരും വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചേക്കും.