ബിസിസിഐയുടെ മികച്ച താരമായി ശുഭ്മാന്‍ ഗില്‍; വനിതകളില്‍ സ്മൃതി മന്ദാനയ്ക്ക് പുരസ്‌കാരം

Published : Mar 15, 2026, 08:36 PM IST
Shubman Gill

Synopsis

ബിസിസിഐയുടെ നമന്‍ അവാര്‍ഡുകളില്‍ ശുഭ്മാന്‍ ഗില്ലും സ്മൃതി മന്ദാനയും മികച്ച അന്താരാഷ്ട്ര താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 2025-ലെ മികച്ച പ്രകടനങ്ങള്‍ക്കാണ് ഗില്ലിന് പോളി ഉമ്രിഗര്‍ അവാര്‍ഡ് ലഭിച്ചത്. 

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ ആദരിക്കുന്ന ബിസിസിഐയുടെ നമന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ ശുഭ്മാന്‍ ഗില്ലും വനിതാ വിഭാഗത്തില്‍ സ്മൃതി മന്ദാനയും മികച്ച അന്താരാഷ്ട്ര താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്്ച്ച ദില്ലിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. പുരുഷന്മാരുടെ മികച്ച അന്താരാഷ്ട്ര താരത്തിനുള്ള പോളി ഉമ്രിഗര്‍ അവാര്‍ഡ് ശുഭ്മാന്‍ ഗില്ലിനാണ് ലഭിച്ചത്. 2023ന് ശേഷം ഇത് രണ്ടാം തവണയാണ് ഗില്‍ ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. വനിതാ ക്രിക്കറ്റില്‍ സ്മൃതി മന്ദാന ഇത് അഞ്ചാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.

2025-ല്‍ ഇന്ത്യന്‍ ടീമിനായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഗില്ലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. രോഹിത് ശര്‍മ്മയ്ക്ക് ശേഷം ടീമിനെ നയിച്ച ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ അദ്ദേഹം ബാറ്റിംഗിലും നായകത്വത്തിലും തിളങ്ങി. ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നായി 75.40 ശരാശരിയില്‍ 754 റണ്‍സ് നേടി. ഇതില്‍ നാല് സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ഇന്ത്യ കിരീടം നേടിയ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഗില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ബംഗ്ലാദേശിനെതിരെ പുറത്താകാതെ 101 റണ്‍സ് നേടിയ അദ്ദേഹം ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി.

വനിതാ ക്രിക്കറ്റില്‍ 2025 മന്ദാനയുടെ വര്‍ഷമായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ പല റെക്കോര്‍ഡുകളും താരം ഈ കാലയളവില്‍ തിരുത്തിക്കുറിച്ചു. ലോക റെക്കോര്‍ഡ്: ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ 1,000 റണ്‍സ് കടക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം മന്ദാന സ്വന്തമാക്കി. 2025-ല്‍ ആകെ 1,703 അന്താരാഷ്ട്ര റണ്‍സാണ് സ്മൃതി അടിച്ചുകൂട്ടിയത്. ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ 9 മത്സരങ്ങളില്‍ നിന്ന് 434 റണ്‍സുമായി മന്ദാന തിളങ്ങി. ഓസ്ട്രേലിയക്കെതിരെ വെറും 50 പന്തില്‍ സെഞ്ച്വറി നേടി വിരാട് കോലിയുടെ റെക്കോര്‍ഡ് മന്ദാന മറികടന്നു. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്.

അന്താരാഷ്ട്ര ടി20യില്‍ 4,000 റണ്‍സ് കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും മന്ദാന സ്വന്തമാക്കി. ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന ശുഭ്മാന്‍ ഗില്ലിന് ഈ പുരസ്‌കാരം വലിയൊരു അംഗീകാരമാണ്. സ്മൃതിയാകട്ടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖമായി തന്റെ സ്ഥാനം ഒരിക്കല്‍ കൂടി ഉറപ്പിക്കുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സച്ചിനും രോഹിത്തുമല്ല! ടി20 ക്രിക്കറ്റിലെ മികച്ച ഓപ്പണറെ തെരഞ്ഞെടുത്ത് വിരാട് കോലി
'ഒരു രാജ്യവും ഐസിസിക്ക് മുകളിലല്ല'; ലോകകപ്പ് വിവാദങ്ങളില്‍ മൗനം വെടിഞ്ഞ് ജയ് ഷാ