
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഐപിഎല്‍ സീസണ്‍ ഏറെ നിര്‍ണായകമാണ്. ടി20 ലോകകപ്പ് നടക്കാനിരിക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ മലയാളി താരത്തെ ഇന്ത്യന്‍ ടീമില്‍ തഴയാന്‍ സെലക്റ്റര്‍മാര്‍ക്ക് സാധിക്കില്ല. എന്തായാലും സഞ്ജു തുടക്കം മോശമാക്കിയില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു അര്‍ധ സെഞ്ചുറി നേടി. രണ്ട് വിക്കറ്റ് നഷ്ടമായിരിക്കെയാണ് സഞ്ജു ഉത്തരവാദിത്തതോടെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്.
ഇതിനിടെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ സഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ ഐപിഎല്ലില്‍ സഞ്ജു സമ്പൂര്‍ണാധിപത്യം കാണിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഗെയ്ല്‍ പറഞ്ഞത്. കമന്ററിക്കിടെയാണ് ഗെയ്ല്‍ ഇക്കാര്യം പറഞ്ഞത്. ഗെയ്‌ലിന്റെ വാക്കുകള്‍ ആരാധകര്‍ പ്രത്യേകം അടര്‍ത്തിയെടുക്കുകയും ആഘോഷമാക്കുകയും ചെയ്തു. ഗെയ്‌ലിന്റെ വാക്കുകള്‍ സത്യമാകണേയെന്ന പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ആരാധകരും. ചില പോസ്റ്റുകള്‍ വായിക്കാം...
ലഖ്‌നൗവിനെതിരെ ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരെ ഓവര്‍സീസ് താരങ്ങളായി ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങിയത്. മറ്റൊരു വിദേശതാരം ഇംപാക്റ്റ് പ്ലയറാവാനും സാധ്യതയുണ്ട്. ധ്രുവ് ജുറെല്‍ രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനിലുണ്ടെങ്കിലും സഞ്ജു സാംസണ്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍. ലഖ്‌നൗവില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിക്കും. ലഖ്‌നൗ ടീമില്‍ നിക്കോളാസ് പുരാനും ക്വിന്റണ്‍ ഡി കോക്കും, മാര്‍ക്കസ് സ്റ്റോയ്‌നിസും നവീന്‍ ഉള്‍ ഹഖുമാണ് പ്ലേയിംഗ് ഇലവനിലുള്ള വിദേശതാരങ്ങള്‍.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മുഹ്സിന്‍ ഖാന്‍, നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!